ബാന്ദ: കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതാണെന്ന് തെറ്റിദ്ധരിച്ച് വയോധികനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചിത്രകൂട്  ജില്ലയിലെ പിന്‍ഹയ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് 70 -കാരനായ റാം ഭരോസ് മര്‍ദ്ദനമേറ്റ് മരിച്ചത്. 

കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലെത്തിയ വയോധികന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മാണിക്പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ കെ മിശ്ര പറ‍ഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റേഷന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് വയോധികനെ ഉടന്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ  ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. താന്‍ ഷാജഹാന്‍പുര്‍ സ്വദേശിയാണെന്നും യാത്രക്കാര്‍ മര്‍ദ്ദിച്ചതായും മരിക്കുന്നതിന് മുമ്പ് റാം ഭരോസ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.