മൂന്നാര്‍: ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഹോംസ്റ്റേ ഉടമ തങ്കപ്പന്‍(72) മരിച്ചു. ഇതോടെ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോളാണ് തങ്കപ്പനും സുഹൃത്തുക്കളും കുടിച്ചത്. ഇയാളുടെ സുഹൃത്ത് കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിലാണ്.

ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ തങ്കപ്പന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് ഹോംസ്റ്റേ നടത്തുന്ന തങ്കപ്പനും സുഹൃത്തുക്കളും കഴിഞ്ഞ 29നാണ് വിഷമദ്യ കുടിച്ചത്. തങ്കപ്പനെ കാണാന്‍ വന്നപ്പോള്‍ സുഹൃത്ത് ചാലക്കുടി സ്വദേശിയായ മനോജ് മദ്യം കൊണ്ടുവന്നിരുന്നു. ഇത് തീര്‍ന്നപ്പോള്‍ മനോജിന്റെ കൈവശമുണ്ടായിരുന്ന സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചു. ഇവര്‍ക്കൊപ്പം തങ്കപ്പന്റെ ഡ്രൈവറും ഇത് കുടിച്ചു. ചവര്‍പ്പ് ഒഴിവാക്കാന്‍ തേന്‍ ചേര്‍ത്താണ് കുടിച്ചത്. 

തുടര്‍ന്ന് പിറ്റേദിവസം ഗുരുതരാവസ്ഥയിലായ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കേ ഡ്രൈവര്‍ ജോബി കഴിഞ്ഞ നാലാം തീയതി മരിച്ചു. രണ്ടാഴ്ചക്ക് ശേഷം തങ്കപ്പന്റെയും മരണം സംഭവിക്കുകയായിരുന്നു. ഇരുകണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട മനോജ് ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തില്‍ മനോജിനെ പ്രതിയാക്കി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് വിലയിരുത്തല്‍. മൂവരും നേരത്തെയും ഇത്തരത്തില്‍ വ്യാജമദ്യം കഴിച്ചിട്ടുണ്ട്. ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ സാനിറ്റൈസര്‍ ആല്‍ക്കഹോളിന്റെ ബാക്കി പിടിച്ചെടുത്തിരുന്നു.