ഗുരുഗ്രാം: ഹരിയാനയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി തോക്കു ചൂണ്ടി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ഗുരുഗ്രാമില്‍ 55 കാരിയായ സുമിത്ര വിശ്വാസ് എന്ന വീട്ടമ്മയെ തോക്കു ചൂണ്ടി കെട്ടിയിട്ട ശേഷം ആഭരണങ്ങള്‍ കൊള്ളയടിച്ചത്.   

തിങ്കളാഴ്ച സുമിത്ര വിശ്വാസ് വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. ബൈക്കിലെത്തിയ  രണ്ടുപേർ സുമിത്രയെ സമീപിച്ച് സമീപത്തെ വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടോയെന്നും വാടകയ്ക്ക് ലഭ്യമാണോ എന്നും ചോദിച്ചു. തന്‍റെ വീടിന്‍റെ ഒന്നാം നില ഒഴിഞ്ഞുകിടക്കുകയാണെന്ന് സുമിത്ര ഇവരോട് പറഞ്ഞു. തുടര്‍ന്ന് വീട് കാണിക്കാനായി മുകളിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയവരുടെ തനിനിറം പുറത്തായത്.

വീടിന്‍റെ അടുക്കളയില്‍ വെച്ച് യുവാക്കള്‍ തോക്ക് ചൂണ്ടി ശേഷം കയറുകൊണ്ട് സുമിത്രയെ കെട്ടിയിട്ടു. തുടര്‍ന്ന് ഇവരുടെ  രണ്ട് സ്വര്‍ണ്ണ വളകളും കമ്മലുകളും ഒരു മോതിരവും തട്ടിയെടുത്തു. ബഹളം വെയ്ക്കാനൊരുങ്ങിയ സുമിത്രയുടെ വായ ടേപ്പ് കൊണ്ട് ഒട്ടിച്ചു. മോഷണം നടത്തിയതിന് ശേഷം വിവരം പൊലീസിനെ അറിയിക്കരുതെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും സുമിത്ര വിശ്വാസ് പറയുന്നു.