ചാവക്കാട്ടെ പുന്ന മേഖലയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ ശക്തമാവുന്നു എന്ന് ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. 

തൃശൂര്‍: ചാവക്കാട് പുന്നയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. ചാവക്കാട്ടെ പുന്ന മേഖലയിൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ ശക്തമാവുന്നു എന്ന് ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാമിൽ പ്രദേശത്തെ പ്രധാന വിതരണക്കാരനുമാണെന്ന വിവരം ലഭിച്ചു. പിന്നാലെ ഷാമിലിന്റെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘത്തിലെ യുവാവ് പിടിയിലായത്.

പൊലീസെത്തുമ്പോള്‍ വീടിനുള്ളില്‍ വച്ച് ഇരുവരും കഞ്ചാവ് ചെറിയ പൊതികളാക്കി തിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാമിൽ ഓടി രക്ഷപ്പെട്ടു. മുഖ്യപ്രതിക്കായി തെരച്ചിൽതുടരുകയാണ്. ഷാമിലിന്റെ പക്കൽ നിന്ന് ലഹരി മരുന്നുകൾ വാങ്ങിയവരെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ശക്തമാക്കുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.