ബെംഗളൂരു: നഗരത്തില്‍ കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന വിക്‌ടോറിയ ആശുപത്രി തിങ്ങിനിറഞ്ഞു എന്ന രീതിയില്‍ വ്യാജ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇത്തരം വീഡിയോകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്‌ടിക്കാന്‍ ഇടവെക്കും എന്ന് ബെഗളൂരു സിറ്റി പൊലീസ് വ്യക്തമാക്കി. 

മാസ്‌ക് അണിഞ്ഞ് വലിയൊരു കൂട്ടം ആളുകള്‍ ഔട്ട് പേഷ്യന്‍റ് വാര്‍ഡിന് പുറത്ത് തിങ്ങിക്കൂടി നില്‍ക്കുന്നതായിരുന്നു വീഡിയോയില്‍. ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് ദൃശ്യം പ്രചരിപ്പിച്ചവര്‍ അവകാശപ്പെട്ടിരുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. പ്രചരിക്കുന്നത് വാ്യാജ വീഡിയോ ആണെന്ന് ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. 

വടക്കന്‍ സംസ്ഥാനങ്ങളിലെ ഏതോ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ബെംഗളൂരുവിലേത് എന്ന തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിക്‌ടോറിയ ആശുപത്രിയില്‍ മികച്ച സേവനം ചെയ്യുന്ന ഡോക്‌ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ബെംഗളൂരു പൊലീസ് അഭിനന്ദിച്ചു. വ്യാജ വാര്‍ത്തയുടെ വസ്‌തുതയും പ്രതിയെയും കണ്ടെത്തിയ വിവരം ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവാണ് ട്വിറ്ററില്‍ അറിയിച്ചത്.