ഇടുക്കി: നെടുങ്കണ്ടത്ത് വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംസ്ഥാനമൊട്ടുക്കും മോഷണം നടത്തുന്ന സംഘത്തിലെ അംഗമായ അൻസാറാണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച നെടുങ്കണ്ടത്തെ മൂന്ന് വർക്ക് ഷോപ്പുകളിലാണ് മോഷണം നടന്നത്. പണവും മെഷീനുകളും മോഷണം പോയി. മോഷണം നടന്ന വർക്ക് ഷോപ്പുകളിൽ കണ്ട പിക്കപ്പ് വാനിന്റെ ടയർ മാർക്കുകളും, സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. 

ദിവസങ്ങൾക്ക് മുമ്പ് കട്ടപ്പനയിലും, ഉപ്പുതറയിലും ഏലപ്പാറയിലും സമാനരീതിയിൽ മോഷണം നടന്നതായും പൊലീസിന് വിവരം ലഭിച്ചു. ഒടുവിൽ കാഞ്ഞിരപ്പള്ളിയിൽ ഈ വാഹനം കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച് ചെന്നെങ്കിലും കള്ളനെ പിടികൂടാനായില്ല. ഈ സാഹചര്യത്തിൽ കുട്ടിക്കാനം മേഖലയിൽ വാഹനപരിശോധന ശക്തമാക്കി. ഈ പരിശോധനയിലാണ് പിക്കപ്പ് വാനും, പശുപ്പാറ സ്വദേശി അൻസാറും പിടിയിലാവുന്നത്.

മോഷ്ടിക്കുന്ന സാധനങ്ങൾ തൃശ്ശൂരിലെ ഭാര്യവീട്ടിലായിരുന്നു ഇയാൾ സൂക്ഷിക്കാറുള്ളത്. പിന്നീട് ഇവ പാലക്കാടും തമിഴ്നാട്ടിലും കൊണ്ടുപോയി വിൽക്കും. സംസ്ഥാനമൊട്ടുക്കും മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണിയാളെന്നും വിവിധ സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് പറയുന്നു. ഭാര്യയുടെ അച്ഛനെ കൊലപ്പെടുത്തിയകേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.