മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പൻ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും പുറത്തിറങ്ങിയ അതിഥിത്തൊഴിലാളിയായ യുവതിയെയാണ് യുവാവ് കയറിപ്പിടിച്ചത്. കാറിലെത്തിയ നാലംഗ സംഘത്തിലെ ഒരാളായ മുഹമ്മദ് നിസാറാണ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചത്.

യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ പിടിച്ചുവച്ചു പൊലീസില്‍ വിവരം അറിയിച്ചു പോലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലില്‍ യുവതിയെ ആക്രമിച്ചത് മുഹമ്മദ് നിസാര്‍ മാത്രമാണെന്ന് വ്യക്തമായതോടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബാക്കിയുള്ളവരെ വിട്ടയച്ചു.പ്രതി എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.