കൊച്ചി: പെണ്ണുകാണാൻ എന്ന വ്യാജേന എറണാകുളത്തുള്ള വ്യവസായിയെ മൈസൂരുവിൽ കൊണ്ടു പോയി പെൺകുട്ടിക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുത്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിലായി. വടകര, തളിയിക്കര പുളകണ്ടി വീട്ടിൽ അൻവർ ഇബ്രാഹിമിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനും ആയ സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസുരുവിരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് കാറിൽ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറ്റിയ ശേഷം പ്രതികൾ പുറത്ത് നിന്നു പൂട്ടി. 

തുടർന്ന് കർണാടക പൊലീസ് എന്നുപറഞ്ഞ് സംഘാംഗങ്ങൾ മുറിക്കകത്ത് കയറി നഗ്നഫോട്ടോകൾ എടുത്തു. മൂന്നു ലക്ഷം രൂപയും  വിലയേറിയ വാച്ചും കൈക്കലാക്കുകയും ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്തു. കേസിലെ പ്രതികളിൽ ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഘത്തിലെ മറ്റുളളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു