കോട്ടയം: വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികൾക്ക് ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് നൽകിയ കണ്ണൂർ സ്വദേശി ജിന്‍റോ മാത്യുവാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിൽ എത്തിയാണ് ജിന്‍റോ ടി മാത്യുവിനെ അറസ്റ്റ് ചെയ്തത്.

കേസിൽ വാഗമണിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് ജിന്‍റോയെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്ന ജിന്‍റോ പിന്നീട് ലഹരിക്കടത്തിലേക്ക് തിരിയുകയായിരുന്നു. വിദേശത്ത് നിന്ന് എത്തിക്കുന്ന എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ ലഹരിമരുന്നുകളാണ് ജിന്‍റോ കൈമാറ്റം ചെയ്തിരുന്നത്.

ഒരു മാസം മുമ്പ് മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായ ജിന്‍റോ ബെംഗളൂരുവിലെ ജയിലിലായിരുന്നു. ഇടുക്കിയിൽ നിന്ന് പോയ ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരു കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറന്റ് വാങ്ങി ജിന്‍റോയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് തൊടുപുഴ മുട്ടം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.

കേസിൽ പ്രതി ചേർത്തിട്ടുള്ള നൈജീരിയിന്‍ സ്വദേശിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജിന്‍റോയില്‍ നിന്ന് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. നൈജീരിയൻ സ്വദേശിയെ അറസ്റ്റ് ചെയ്താൽ രാജ്യാന്തര ലഹരികടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

കഴിഞ്ഞ മാസം 21നാണ് വാഗമണിലെ ലഹരിമരുന്ന് നിശാപാർട്ടിക്കിടെ സംഘാടകരായ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്ത 49 പേരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് വിട്ടയിച്ചിരുന്നു.