മാവൂരിലും പരിസരങ്ങളിലും കള്ളന്മാര്‍ വിലസുന്നു. മൂന്ന് കടകളിലും രണ്ട് വീടുകളിലും ഒരൊറ്റ രാത്രി മോഷണം നടന്നു. കുറ്റിക്കാട്ടൂരില്‍ കട കുത്തിത്തുറന്ന് മോഷണ ശ്രമവുമുണ്ടായി. കോഴിയിറച്ചി വില്‍ക്കുന്ന മൂന്ന് കടകളിലാണ് ഒറ്റരാത്രി കള്ളന്മാര്‍ കയറിയത്. മാവൂര്‍ കട്ടാങ്ങല്‍ റോഡിലെ പിപി ചിക്കന്‍ സ്റ്റാളില്‍ നിന്ന് 12,000 രൂപ കവര്‍ന്നു.

കോഴിക്കോട്: മാവൂരിലും പരിസരങ്ങളിലും കള്ളന്മാര്‍ വിലസുന്നു. മൂന്ന് കടകളിലും രണ്ട് വീടുകളിലും ഒരൊറ്റ രാത്രി മോഷണം നടന്നു. കുറ്റിക്കാട്ടൂരില്‍ കട കുത്തിത്തുറന്ന് മോഷണ ശ്രമവുമുണ്ടായി. കോഴിയിറച്ചി വില്‍ക്കുന്ന മൂന്ന് കടകളിലാണ് ഒറ്റരാത്രി കള്ളന്മാര്‍ കയറിയത്. മാവൂര്‍ കട്ടാങ്ങല്‍ റോഡിലെ പിപി ചിക്കന്‍ സ്റ്റാളില്‍ നിന്ന് 12,000 രൂപ കവര്‍ന്നു.

പാറമ്മലിലെ സിപി ലൈവ് ചിക്കന്‍ സ്റ്റാളിലും മോഷണമുണ്ടായി. പൂട്ട് തകർത്ത് അകത്ത് കയറിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. 500 രൂപ നഷ്ടപ്പെട്ടു. കുറ്റിക്കാട്ടൂരിലെ എംഎ ചിക്കന്‍ സ്റ്റാളിലും മോഷ്ടാക്കള്‍ പൂട്ട് പൊളിച്ച് അകത്ത് കയറി. മൂന്നംഗ സംഘത്തിന്‍റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചും മൂഖം തോര്‍ത്ത് കൊണ്ട് മറച്ചുമാണ് സംഘം മോഷ്ടിക്കാനെത്തിയത്.

കടയുടെ പുറത്തുള്ള സിസിടിവി ക്യാമറകളും കമ്പ്യൂട്ടര്‍ മോണിറ്ററും കള്ളന്മാര്‍ തകര്‍ത്തിട്ടുണ്ട്. കടയില്‍ കാശ് സൂക്ഷിക്കാത്തതിനാല്‍ വെറും കൈയോടെ കള്ളന്മാര്‍ക്ക് മടങ്ങേണ്ടി വന്നു. ലോക്ഡൗണ്‍ കാലത്ത് സജീവ കച്ചവടം നടക്കുന്നത് കൊണ്ടാണ് കോഴിക്കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതെന്നാണ് നിഗമനം.

മണന്തലക്കടവ് റോഡില്‍ പുലപ്പാടി അബ്ദുല്ലയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു. കൊടശേരിത്താഴത്തെ സൂപ്പര്‍മാര്‍ക്കറ്റിലും ഇതേ രാത്രി തന്നെ മോഷണമുണ്ടായി. 11,000 രൂപയും അയ്യായിരം രൂപയുടെ സിഗരറ്റും നഷ്ടപ്പെട്ടു.

രാത്രിയില്‍ പൊലീസ് പട്രോളിംഗ് കുറഞ്ഞതാണ് മോഷ്ടാക്കള്‍ക്ക് സൗകര്യമായത്. മെഡിക്കല്‍ കോളേജ്, മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരൊറ്റ രാത്രിയില്‍ നടത്തിയ ഈ മോഷണങ്ങളില്‍ പലതിനും പിന്നില്‍ ഒരേ സംഘമാണെന്നാണ് പൊലീസ് നിഗമനം. മോഷണ പരമ്പരയുടെ പശ്ചാത്തലത്തില്‍ പട്രോളിംഗ് ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona