ദില്ലി: ഹരിയാനയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഡീലര്‍മാരിലൊരാളായ രഞ്ജീത് സിംഗ് റാണയെ പഞ്ചാബ് പൊലീസ് പിടികൂടി. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. 

പിടികൂടുമ്പോള്‍ ഹരിയാനയിലെ സിര്‍സയിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നതെന്ന് പഞ്ചാബ് ഡയറക്ടര്‍ ജനറല്‍  ഓഫ് പൊലീസ് ദിങ്കര്‍ ഗുപ്ത പറഞ്ഞു. 

അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റില്‍ നിന്ന് 2700 കോടി രൂപ വിലവരുന്ന 532 കിലോഗ്രാം ഹെറോയിന്‍ ആണ് കസ്റ്റംസ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തത്. ഈ ഡീലിന്‍റെ മുഖ്യസൂത്രധാരന്‍ റാണയായിരുന്നു. റാണയ്ക്കൊപ്പം ഇയാളുടെ സഹോദരന്‍ ഗഗന്‍ദീപിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.