പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയാണ്‌ അയാള്‍. 2014ലാണ്‌ സംഭവം നടന്നത്‌.

അലിഗഡ്‌: മാതാപിതാക്കളോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ രണ്ടരവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്ന്‌ പൊലീസ്‌. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ്‌ ഇയാള്‍ രണ്ടരവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കുചേര്‍ന്നതെന്നും പൊലീസ്‌ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയാണ്‌ അയാള്‍. 2014ലാണ്‌ സംഭവം നടന്നത്‌. ഇപ്പോള്‍ അയാള്‍ ജാമ്യത്തിലിറങ്ങിയതാണ്‌. ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥനായ ആകാശ്‌ കുല്‍ഹാരി എന്‍ഡിടിവിയോട്‌ പറഞ്ഞു.

ജൂണ്‍ രണ്ടിനാണ്‌ രണ്ടരവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയത്‌. ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. മെയ്‌ 31 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. കേസിലെ മുഖ്യപ്രതിയായ സഹീദ്‌ തന്നോട്‌ കടം വാങ്ങിയ പതിനായിരം രൂപ പെണ്‍കുട്ടിയുടെ പിതാവ്‌ മടക്കിചോദിച്ചതിന്റെ വൈരാഗ്യമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. സഹീദിന്റെ സുഹൃത്തായ രണ്ടാം പ്രതിയാണ്‌ സ്വന്തം മകളെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ച വ്യക്തി. ഇവര്‍ക്ക്‌ പുറമേ സഹീദിന്റെ ഭാര്യ, സഹോദരന്‍ എന്നിവരും കേസില്‍ അറസ്‌റ്റിലായിട്ടുണ്ട്‌.