പ്രതിയുടെ പെൺസുഹൃത്തിനെ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇവരുടെ രഹസ്യബന്ധം മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

കരീംന​ഗർ: തെലങ്കാനയിലെ കരീംന​ഗറിൽ 52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കർഷകത്തൊഴിലാളിയായ പൈതാരി മൊ​ഗിലി(52)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയായ ബം​ഗാരപ്പു മഹേഷി(40)നെ പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതിയുടെ പെൺസുഹൃത്തിനെ മൊ​ഗിലി നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇവരുടെ രഹസ്യബന്ധം മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

​പ്രദേശവാസിയായ ഒരു സ്ത്രീയുമായി മഹേഷിന് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം മൊ​ഗിലി ഈ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ അറസ്റ്റിലായി ജയിലിലായി. എന്നാൽ, ജയിലിൽനിന്നിറങ്ങിയിട്ടും മൊ​ഗിലി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തുടർന്നു. മാത്രമല്ല, മഹേഷും സ്ത്രീയും തമ്മിലുള്ള അവിഹിതബന്ധം നാട്ടിൽ പലരോടും പറഞ്ഞു. ഇതിന്റെ വൈരാ​ഗ്യമാണ് മൊ​ഗിലിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

കൃത്യം നടത്തുന്നതിന് മുൻപായി ഒരാളെ എങ്ങനെ കൊല്ലാമെന്നുള്ള പലതരത്തിലുള്ള വീഡിയോകൾ പ്രതി യൂട്യൂബിൽ കണ്ടിരുന്നു. ഇതിനുശേഷമാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തത്. തുടർന്ന് ശനിയാഴ്ച രാത്രി മൊ​ഗിലിയെ വകവരുത്താൻ തീരുമാനിച്ചു. മുഹറം ആഘോഷങ്ങൾ കഴിഞ്ഞ് സൈക്കിളിൽ വരികയായിരുന്ന മൊ​ഗിലിയെ പ്രതി റോഡരികിൽ കാത്തിരുന്നു. മൊ​ഗിലി എത്തിയതോടെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോ​ഗിച്ച് തലയ്ക്കടിച്ചു. നിലത്തുവീണതോടെ സമാനരീതിയിൽ മർദനം തുടർന്നു. മൊ​ഗിലി മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതി വീട്ടിലേക്ക് തിരികെപോയി. തുടർന്ന് രക്തംപുരണ്ട വസ്ത്രങ്ങൾ മാറിയശേഷം നാടുവിടുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധവും സംഭവസമയത്ത് ധരിച്ച ചോരപുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് യൂട്യൂബിൽ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടതിന്റെ തെളിവുകൾ ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.