ഈ കെട്ടിടത്തിന്റെ മുകളിൽ പൂർത്തിയാകാത്ത രണ്ടാമത്തെ നിലയുടെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് നിർമ്മാണ തൊഴിലാളികൾ മേൽക്കൂരയിൽ ടൈലുകൾ പാകുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു
ലാഹോർ: പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം. ലാഹോറിലെ കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂരയാണ് തകർന്നത്. ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ട്യൂഷൻ സെന്റർ നടത്തിയിരുന്ന കെട്ടിടത്തിന്റെ അവസ്ഥ മോശമായിരുന്നുവെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികൾ ക്ലാസിലുള്ള സമയത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച നിരവധി കുട്ടികൾ ക്ലാസിൽ ഇരുന്നുകൊണ്ട് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കെട്ടിടത്തിന്റെ മേൽക്കൂര പെട്ടെന്ന് താഴേക്ക് പതിച്ചത്.പരിക്കേറ്റ ചില കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വളരെ പഴയതും ജീർണ്ണിച്ചതുമായ ഒരു കെട്ടിടത്തിലാണ് ഈ ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ മുകളിൽ പൂർത്തിയാകാത്ത രണ്ടാമത്തെ നിലയുടെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് നിർമ്മാണ തൊഴിലാളികൾ മേൽക്കൂരയിൽ ടൈലുകൾ പാകുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലെ മോശം ഗുണനിലവാരവും സുരക്ഷാ വീഴ്ചകളുമാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിരീക്ഷണം.സുരക്ഷാ മാനദണ്ഡങ്ങളിലെ കടുത്ത വീഴ്ചയും നിർമ്മാണ സാമഗ്രികളുടെ മോശം ഗുണനിലവാരവും കാരണം പാകിസ്ഥാനിൽ മേൽക്കൂരകളും കെട്ടിടങ്ങളും തകർന്നുവീഴുന്നത് ഒരു വലിയ ആഭ്യന്തര പ്രശ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിലും കറാച്ചിയിലെ ലിയാരിയിൽ അഞ്ച് നില കെട്ടിടം തകർന്ന് 27 പേർ മരണപ്പെട്ടിരുന്നു.
