Asianet News MalayalamAsianet News Malayalam

ദുരഭിമാനക്കൊലക്ക് ഒരു വയസ്; കെവിന്‍റെ കൊലപാതകം പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷം

കഴിഞ്ഞ വർഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോകൽ.

one year since kevin murder
Author
Kottayam, First Published May 27, 2019, 7:04 AM IST

കോട്ടയം: കോളിളക്കം സൃഷ്ട്ടിച്ച കെവിന്‍റെ കൊലപാതകം പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷമാകുന്നു. കോട്ടയം സെഷൻസ് കോടതിയിൽ കേസിന്‍റെ അതിവേഗവിചാരണ നടക്കുകയാണ്. കഴിഞ്ഞ വർഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോകൽ.

28 ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് കെവിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ സംഘം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. കേസിലുൾപ്പെട്ട ഷാനു, അച്ഛൻ ചാക്കോ എന്നിവരുൾപ്പെടെ 14 പേരെയും ഉടൻ അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷൻ വാദിച്ച കേസിൽ അതിവേഗവിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുകയാണ്.

നീനു കെവിന്‍റെ വീട്ടിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. അതിനാൽ ഒന്നാം വാർഷികത്തിന് നീനു കോട്ടയത്തില്ല. സംസ്ഥാനസർക്കാരാണ് നീനുവിന്‍റെ പഠനചിലവ് വഹിക്കുന്നത്. എന്നാൽ നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാൻ കെവിന്റ കുടുംബം തയ്യാറാണ്

കേസിലെ വിചാരണക്കിടയിൽ ചില സാക്ഷികൾ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്റ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. അടുത്തമാസം ആറിന് വിചാരണ പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം. വീട് വയ്ക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി വീട് വയ്ക്കണം.

Follow Us:
Download App:
  • android
  • ios