Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ പി ഹണ്ട്; കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ്, 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ഇൻ്റർപോളിൻ്റെ കൂടി സഹായത്തോടെ കൂടുതൽ പരിശോധന നടത്താനാണ് പൊലീസ് നീക്കം. രണ്ട് മാസം മുമ്പ് നടന്ന പി ഹണ്ടിനെ തുടർന്ന് പൂട്ടിയ സൈറ്റുകളിലെ പല അംഗങ്ങളാണ് വീണ്ടും വിദേശത്ത് നിന്നും മറ്റും പുതിയ സൈറ്റുകളിലൂടെ പ്രവർത്തനം ശക്തമാക്കിയതെന്നാണ് വിവരം. 

operation p hunt more to be arrests in coming days says police
Author
Trivandrum, First Published Jun 28, 2020, 1:24 PM IST

തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ്. കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഘങ്ങൾ ഉൾപ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലാണ്. സൈറ്റുകൾ കേന്ദ്രീകരിച്ച് വൻ തുകക്കാണ് നഗ്നചിത്രങ്ങൾ വിൽക്കുന്നതെന്നും ഓപ്പറേഷൻ പി ഹണ്ടിലൂടെ തെളിഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കയ്യിൽ കുട്ടിയുടെ ചിത്രവും വീഡിയോയും ഉണ്ടെന്നും പണം നൽകിയാൽ പോസ്റ്റ് ചെയ്യാമെന്നും അംഗങ്ങൾ ഗ്രൂപ്പിൽ അറിയിക്കും. പണം നൽകുന്നവർക്ക് ഇവ നൽകും. ഇടപാടുകൾ ബിറ്റ്കോയിൻ വഴിയാണ്. ഡോക്ടർമാ‍രും എഞ്ചിനീയറർമാരും അടക്കമുള്ള പ്രൊഫഷണലുകൾ വിദേശത്തെ ജോലി ചെയ്യുന്നവരുമൊക്കെ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ഇന്നലെ പിടികൂടിയ 47 പേരുടെ മൊബൈലുകൾ പരിശോധിച്ചപ്പോൾ ചിലർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തോ  എന്ന സംശയമുണ്ട്.

കൂടുതൽ പരിശോധന നടത്താനാണ് നീക്കം. ഇൻ്റർപോളിൻ്റെ കൂടി സഹായത്തോടെയാണ് പരിശോധന. ഗ്രൂപ്പുകൾ ഇടയ്ക്കിടെ പേര് മാറ്റി രഹസ്യമായി പ്രവർത്തിക്കുമെന്നതാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. രണ്ട് മാസം മുമ്പ് നടന്ന പി ഹണ്ടിനെ തുടർന്ന് പൂട്ടിയ സൈറ്റുകളിലെ പല അംഗങ്ങളാണ് വീണ്ടും വിദേശത്ത് നിന്നും മറ്റും പുതിയ സൈറ്റുകളിലൂടെ പ്രവർത്തനം ശക്തമാക്കിയതെന്നാണ് വിവരം. 

89 കേസുകൾ ഇത് വരെ ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 47 ഓളം അറസ്റ്റുകളും നടന്ന് കഴി‍ഞ്ഞു. അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തില്ലാണ്. കുറച്ച് കാലമായി പൊലീസ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവരെ നിരീക്ഷീച്ച് വരികയാണെന്നും കേരള പൊലീസിന്‍റെ സൈബർ വിഭാഗം അതി ശക്തമാണെന്നും എങ്ങനെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടാലും പിടിക്കപ്പെടുമെന്നും ഐജി എസ് ശ്രീജിത്ത് മുന്നറിയിപ്പ് നൽകി. 

സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ ഓപ്പറേഷന്‍ പി ഹണ്ട് എന്നു പേരിട്ട റെയ്ഡ്. കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച നാല്‍പ്പത്തിയേഴു പേരെയാണ് സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഉയര്‍ന്ന ശന്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും  വില്‍പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇന്നലെ പൊലീസ് സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. ആറു വയസിനും പതിനഞ്ചു വയസിനും ഇടയില്‍ പ്രായമുളള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്കു വച്ചതായി കണ്ടെത്തി. ഇവയില്‍ ഏറെയും ലോക്ഡൗണ്‍കാലത്ത് തന്നെ ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഗാര്‍ഹിക അന്തരീക്ഷത്തില്‍  ലൈംഗികമായി കുട്ടികളെ  ചൂഷണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. 

അറസ്റ്റിലായ 47 പേരില്‍ ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്ര പ്രചാരണത്തിന്  അ‍ഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയുമാണ്  ശിക്ഷ . 

Follow Us:
Download App:
  • android
  • ios