തൃശ്ശൂര്‍: ഗുണ്ടാ സംഘങ്ങളേയും സാമൂഹ്യ വിരുദ്ധരേയും അടിച്ചമർത്താൻ ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശ്ശൂർ സിറ്റി പൊലീസ്. 20 പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള 335 ഒളിത്താവളങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ക്രിമിനൽ ചട്ട പ്രകാരം 105 പേർക്കെതിരെ കരുതൽ നടപടിയ്ക്ക് ശുപാർശ ചെയ്തു

ക്രിമിനൽ പശ്ചാത്തലമുള്ള 592 പേരെയാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ 105 പേർക്കെതിരെ ക്രിമിനല്‍ ചട്ട പ്രകാരം മുൻകരുതൽ നടപടിക്ക് ശുപാർശ ചെയ്തു. കാപ്പ നിയമപ്രകാരം 2 പേർക്കെതിരെ നടപടി വന്നു. 40 പേരുടെ പേരിൽ പുതുതായി റൗഡി ഹിസ്റ്ററി ഷീറ്റുകൾ തുടങ്ങി. 

വിവിധ കേസുകളിൽ ഒളിവിൽ പോയവരെക്കണ്ടെത്തുന്നതിന് പ്രത്യേക സംഘങ്ങലെ രൂപീകരിക്കാനും തീരുമാനമായി. ഗുണ്ടാ സംഘങ്ങൾ ഉൾപ്പെടുന്ന കേസന്വേഷണത്തിന് അസിസ്റ്റന്റ് കമ്മീഷണ‍ർമാർ നേരിട്ട് മേൽനോട്ടം വഹിക്കും. കേസുകളിൽ ഗുണ്ടകൾ ജാമ്യം നേടുന്നത് തടയാൻ പ്രത്യേക നടപടി സ്വീകരിക്കും. 

മാല മോഷ്ടാക്കൾ, മദ്യം മയക്കുമരുന്ന് വിൽപനക്കാർ എന്നിവരുടെ പട്ടിക തയ്യാറാക്കി പ്രത്യേകം നിരീക്ഷിക്കും. മുൻപ് മയക്കുമരുന്ന് കേസുകളിൽ പ്രതിയായവരുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിന് എം ബീറ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും.  സാമുദായിക സംഘർഷം സൃഷ്ടിക്കുന്നവരേയും തീവ്ര സ്വഭാവക്കാരേയും പ്രത്യകം നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.