കൊച്ചി: മതിയായ രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന മുക്കാൽകിലോ സ്വർണാഭരണങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി സന്ദീപ് ദോലെയാണ് സ്വർണവുമായി റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. കണ്ണൂർ നിന്നും ആലപ്പുഴയിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് സന്ദീപ് ദോലെ സ്വർണാഭരണങ്ങളുമായി എത്തിയത്. 

റെയിൽവേ പൊലീസിൻറെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ബാഗിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് ആഭരണങ്ങൾ കടത്തി കൊണ്ടുവന്നത്. തൃശ്ശൂരിലെ ഒരു സ്വർണപ്പണിക്കാരനോടൊപ്പം ജോലി ചെയ്യുന്നയാളാണ് സന്ദീപ്. തൃശ്ശൂരിൽ നിന്നുമാണ് ഇയാൾ ഇവ കൊണ്ടു വന്നതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പിടികൂടിയ സ്വർണത്തിന് മുപ്പതുലക്ഷത്തോളം രൂപ വില വരും. നികുതിയും പിഴയും ഈടാക്കുന്നതിനായി ആഭരണങ്ങൾ ജിഎസ്ടി വകുപ്പിന് കൈമാറും.