തിരൂരങ്ങാടി: കോഴി പാചകം ചെയ്യുന്നതിന്‍റെ പേരിലുള്ള തര്‍ക്കത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സഹമുറിയന്‍ കൊലപ്പെടുത്തി. ഒഡീഷ സ്വദേശിയായ ലക്ഷ്മണ്‍ മാജി എന്ന 45കാരനെയാണ് ചത്തീസ്ഗഡ് സ്വദേശിയായ 60കാരന്‍ ബുട്ടി ബാഗല്‍ മഴുകൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച രാത്രി 12.15നാണ് സംഭവം നടന്നത്. മരണപ്പെട്ട ലക്ഷ്മണ്‍ മാജി ഒഡീഷയിലെ നപുരംപൂര്‍ ജില്ലയിലെ ബാസൂലി സ്വദേശിയാണ്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, കൊല്ലപ്പെട്ട മാജിയും ബുട്ടിയും വിറകുവെട്ട് തൊഴിലാളികളാണ്. ഇവരെക്കൂടാതെ ആറുപേര്‍ ഈ ക്വര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. കൊഴി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും അഞ്ച് മാം മുന്‍പ് തര്‍ക്കം നടന്നിരുന്നു. കോഴിയിറച്ചി കഴിക്കാത്ത മാജി മുന്‍പ് ബൂട്ടി കൊണ്ടുവന്ന കോഴിയിറച്ചി വലിച്ചെറിഞ്ഞിരുന്നു. ഇന്നലെയും കോഴിയുമായി ബൂട്ടി വരുകയും പാചകം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഉറങ്ങുന്നതിനിടെ ബൂട്ടി മഴുവെടുത്ത് മാജിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. രാത്രി രണ്ട് മണിയോടെയാണ് പൊലീസ് വിവരം അറിയുന്നത്. ബൂട്ടിയെ മമ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മാജിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് അയക്കും. പ്രതിയെ കോടതിയില്‍ ഹാജറാക്കി.