ലണ്ടനിലെ പ്രമുഖ ചെയിൻ സൂപ്പർമാർക്കറ്റിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു നദീം. ഇദ്ദേഹത്തിന് കീഴിലാണ് അക്വിബ് ജോലി ചെയ്തത്. എന്നാൽ ജോലിയിൽ വേണ്ടത്ര മികവ് പ്രകടിപ്പിക്കാത്തതിനാൽ അക്വിബിനെ പിരിച്ചുവിടുകയായിരുന്നു.
ലണ്ടൻ: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് ഇന്ത്യക്കാരനായ സൂപ്പർ മാർക്കറ്റ് മാനേജരെ പാക് യുവാവ് കുത്തി കൊലപ്പെടുത്തി. ലണ്ടനിലെ ഒരു സൂപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ നദീം ഉദ്ദിൻ ഹമീദ് മൊഹമ്മദ്(24) എന്നയാളാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തെ തുടർന്ന് പാക് പൗരനായ അക്വിബ് പർവെയ്സി (26)നെ തെംസ് വാലിയ പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടനിലെ റീഡിങ് ക്രൗൺ കോടതിയിൽ ഹാജരാക്കിയ ഇയാൾക്കുമേൽ കൊലക്കുറ്റം ചുമത്തിയതായാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ലണ്ടനിലെ പ്രമുഖ ചെയിൻ സൂപ്പർമാർക്കറ്റിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു നദീം. ഇദ്ദേഹത്തിന് കീഴിലാണ് അക്വിബ് ജോലി ചെയ്തത്. എന്നാൽ ജോലിയിൽ വേണ്ടത്ര മികവ് പ്രകടിപ്പിക്കാത്തതിനാൽ അക്വിബിനെ പിരിച്ചുവിടുകയായിരുന്നു. ഇതിൽ പ്രകോപിതനായ അക്വിബ് സംഭവ ദിവസം സൂപ്പർമാർക്കറ്റിലെ പാർക്കിങ് ഏരിയയിൽ ഒളിച്ചിരിക്കുകയും നദീം എത്തിയപ്പോൾ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
നെഞ്ചിൽ കുത്തേറ്റ നദീമിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പായിരുന്നു നദീം വിവാഹം കഴിച്ചത്. ഭാര്യ ഇപ്പോൾ ഏഴുമാസം ഗർഭിണിയാണ്.
