പാലക്കാട്: തേങ്കുറിശ്ശി അനീഷ് വധക്കേസിൽ ശബ്ദരേഖ പുറത്ത്. അനീഷിന്റെ കുടുംബത്തിന് പണം നൽകി ഹരിതയെ വീട്ടിലെത്തിക്കാൻ ശ്രമം നടന്നു എന്ന് തെളിയിക്കുന്നതാണ് ശബ്ദരേഖ. ഹരിതയും മുത്തച്ഛൻ കുമരേഷനും തമ്മിൽ ഉള്ള ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ഹരിത വീട്ടിലെത്തിയാൽ അനീഷിന്റെ കുടുംബത്തിന് പണം നൽകാമെന്ന് പ്രഭുകുമാറിന്റെ അച്ഛനായ കുമരേഷൻ പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. മുത്തച്ഛൻ ഇടപെട്ട് തന്നെ വീട്ടിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു എന്ന് ഹരിത ന്യൂസ് അവറിൽ പറഞ്ഞിരുന്നു.

അതേസമയം, കേസിൽ അറസ്റ്റിലായ ഹരിതയുടെ അമ്മാവൻ സുരേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അനീഷിനെ കൊല്ലാനുപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനാണ് തെളിവെടുപ്പ്. സുരേഷിന്റെ വീട്ടിൽ നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ട്. 

മൂന്നു മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്.  ശനിയാഴ്ച പുലർച്ചെയാണ് പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മർദ്ദമാണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി. ഇരുവരും അനീഷിനെ കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായി പ്രധാന സാക്ഷി അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.