മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റ രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

പാലക്കാട്: മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിന് പിന്നിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളാണ് കാരണമെന്ന് പ്രാഥമിക വിവരം. ആയുർവേദ നിർമാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ നെണ്ടൻ കിഴായയിൽ ആറുമുഖൻ പത്തിചിറ, കമ്പനിയിലെ ജീവനക്കാരി സുധ , സുധയുടെ ഭർത്താവ് രാമനാഥൻ എന്നിവർക്കാണ് വെട്ടേറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

ആറുമുഖനും സുധയും

കുറച്ച് ദിവസമായി സുധയും രാമനാഥനും തമ്മിൽ അകന്നു കഴിയുകയായിരുന്നു. കുടുംബ പ്രശ്നം തീർക്കാൻ മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സുധ രാമനാഥനൊപ്പം പോകാൻ തയ്യാറായില്ല. ഇതിനിടെ സുധയുടെ തൊഴിലുടമയായ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റവരുടെ മൊഴിയെടുക്കലും കൂടുതൽ അന്വേഷണവും നടത്തിയാൽ മാത്രമേ കാരണങ്ങൾ വ്യക്തമാകുവെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.

പരിക്കേറ്റ രാമനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്നിടത്ത് എത്തിയ രാമൻ സുധയെ ആക്രമിക്കുകയായിരുന്നു. സുധയുടെ നിലവിളി കേട്ട് ഇത് തടയാൻ എത്തിയ ആറുമുഖന് രാമനാഥന്റെ ആക്രമണത്തിൽ പരിക്കേറ്റു. പിന്നാലെ സുധയും ആറുമുഖനും ചേർന്ന് രാമനെ തിരിച്ച് ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. പരിക്കേറ്റ ആറുമുഖനെയും സുധയേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്.