65-കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 വയസ്സുകാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. 13-കാരിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയത്. ഇവരും കൗമാരക്കാരാണ്.
ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി കൃത്യം നടത്തിയതെന്നും മോഷണമായിരുന്നു പ്രധാന ലക്ഷ്യമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഷണത്തിനൊപ്പം പ്രതികാരവും ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതികളുടെ മൊഴികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
65-കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 വയസ്സുകാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. 13-കാരിയുടെ പ്രേരണയിലാണ് കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയത്. ഇവരും കൗമാരക്കാരാണ്. മോഷണമായിരുന്നു പ്രധാനലക്ഷ്യം. ഇതിനൊപ്പം പ്രതികാരം തീർക്കാൻ കൂടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്ന് പെൺകുട്ടി നേരത്തേ കാമുകനോട് പറഞ്ഞിരുന്നു. ഇതിന് പ്രതികാരമായി 65-കാരനെ കൊല്ലണമെന്നും പെൺകുട്ടി കാമുകനോട് പറഞ്ഞു. എന്നാൽ, ബാഡ് ടച്ച് ചെയ്ത സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന 65-കാരനെയാണ് കഴിഞ്ഞദിവസം വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ 65-കാരനും ബന്ധുവായ 13-കാരിയും മാത്രമാണ് രണ്ടുദിവസമായി വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം പരവൂരിലുള്ള പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തി കൊലപാതകം നടത്തിയത്.
പരീക്ഷയായതിനാൽ മറ്റൊരിടത്തുനിന്ന് പഠിക്കണമെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽനിന്ന് മാറിനിന്നിരുന്നു. എന്നാൽ, കാമുകനും കൂട്ടുകാർക്കും വീട്ടിലേക്ക് എങ്ങനെ പ്രവേശിക്കണമെന്നും സ്വർണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പെൺകുട്ടി കൃത്യമായി പറഞ്ഞുകൊടുത്തു. ഓഗസ്റ്റ് 15-ന് അർധരാത്രിയിലും 16-ന് പുലർച്ചെയുമായാണ് കൊലപാതകം നടന്നത്. ഓഗസ്റ്റ് 15-ന് കൊല്ലത്തുനിന്ന് ട്രെയിനിൽ ഹരിപ്പാടെത്തിയ ആൺകുട്ടികൾ രാത്രിയോടെ കരുവാറ്റയിലെ വീട്ടിലെത്തി. പെൺകുട്ടിയുടെ നിർദേശപ്രകാരം വീടിന്റെ പിറകിലെ വെന്റിലേഷനിലൂടെ അകത്തുകയറി. വീട്ടിലെത്തിയ കൗമാരക്കാരും 65-കാരനും തമ്മിൽ ചെറിയ മൽപ്പിടിത്തമുണ്ടായി. തുടർന്നാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ടശേഷമാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഈ രംഗങ്ങൾ കാമുകൻ പെൺകുട്ടിയെ വീഡിയോകോൾ ചെയ്ത് കാണിച്ചുനൽകുകയുംചെയ്തു. തെളിവ് നശിപ്പിക്കാനായി സമീപത്തെല്ലാം മുളകുപൊടിയും വിതറി. കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇതിലുണ്ടായിരുന്ന സ്വർണവും പ്രതികൾ കവർന്നു.
ഐഫോൺ വാങ്ങാനും കാമുകനും കൂട്ടുകാർക്കും ബൈക്ക് വാങ്ങാനുമാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാൽ, മോഷണത്തിനൊപ്പം പ്രതികാരം കൂടി ലക്ഷ്യമിട്ടിരുന്നതായാണ് പ്രതികളുടെ മൊഴി. സിനിമകൾ കണ്ടാണ് തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടത്തിയ മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്തത്. ഇവരെല്ലാം 16,17 വയസ്സ് പ്രായമുള്ളവരാണ്. വീട്ടിൽനിന്ന് കവർന്ന 4.5 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. 13-കാരിയെയും പ്രതികളായ ആൺകുട്ടികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


