കൊച്ചിയിൽ പണം നൽകാത്തതിൻ്റെ പേരിൽ ലിവ് ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങളും ഫോൺ നമ്പറും ഓൺലൈനിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട് സ്വദേശി ഉമർ ഫാറൂഖിനെയാണ് കളമശ്ശേരി പോലീസ് പിടികൂടിയത്. കുഞ്ഞിനെ പാലൂട്ടുന്ന ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കൊച്ചി: ആവശ്യപ്പെട്ട പണം നൽകിയില്ലെന്നാരോപിച്ച് കൊച്ചിയിൽ ലിവ് ഇൻ പങ്കാളിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ. പാലക്കാട് സ്വദേശി ഉമർ ഫാറൂഖാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിൽ നഗ്ന ദൃശ്യങ്ങൾക്കൊപ്പം, യുവതിയുടെ നമ്പറും ഇയാൾ പങ്കുവെച്ചിരുന്നു. പ്രചരിപ്പിച്ചവയിൽ യുവതി കുഞ്ഞിന് മുലയൂട്ടുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നു. പ്രതിയോടൊപ്പം 2 വർഷമായി ഒരുമിച്ചു താമസിച്ചുവരികയായിരുന്നു കൊല്ലം സ്വദേശിനിയായ യുവതി.
ഇവരോട് പണം ആവശ്യപ്പട്ടതു നൽകാത്തതിലുള്ള വിരോധത്താൽ യുവതിയെ പൊതു സമൂഹത്തിൽ അപകീർത്തിപ്പെടുത്തി മാനഹാനിയും മനോവിഷമവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ യുവതിയോടൊപ്പമുണ്ടായിരുന്ന സ്വകാര്യ നിമിഷ ചിത്രങ്ങളറ്‍ പ്രചരിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. യുവതിയുടെ ഫോൺ നമ്പറുകൾ അടക്കം പ്രചരിപ്പിച്ചതു മൂലം പൊതുജനങ്ങൾ മോശമായി യുവതിയോട് പെരുമാറിയെന്നും പറയുന്നു. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എഎല്ലിന്റെ നേതൃത്വത്തിൽ കളമശ്ശേരി എസ്ഐ ശംഭു, സിപിഒമാരായ മാഹിൻ അബൂബക്കർ, വിനു കെപി, അനീഷ് കുമാർ എന്നിവരാണ് കൊടുങ്ങല്ലൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്.
