കുടുംബ വഴക്കിനെ തുടർന്ന് ഇളയ മകൻ അഫ്സൽ വാപ്പുട്ടി ഹാജിയെ കമ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു

പാലക്കാട് നെല്ലായയിൽ അച്ഛനെ തലക്കടിച്ച് കൊന്ന കേസില്‍ മകന്‍ പിടിയിലായി. നെല്ലായ പള്ളിപ്പടി സ്വദേശി വാപ്പുട്ടി ഹാജിയാണ് കൊല്ലപ്പെട്ടത്. മകൻ അഫ്സലിനെയാണ് ചെര്‍പ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 8. 30 ഓടെ ആണ് കൊലപാതകം നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കുടുംബ വഴക്കിനെ തുടർന്ന് ഇളയ മകൻ അഫ്സൽ വാപ്പുട്ടി ഹാജിയെ കമ്പി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. 68 കാരനായ വാപ്പുട്ടി ഹാജിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മകൻ അഫ്സലുമായി ഇടക്കിടെ വാപ്പുട്ടി ഹാജി വഴക്ക് ഉണ്ടാക്കാറുണ്ട് എന്നാണ് വിവരം.വാപ്പൂട്ടി ഹാജിയുടെ പല ഇടപാടുകളെ ചൊല്ലിയും അടുത്തിടെ തർക്കങ്ങൾ രൂക്ഷമെന്നാണ് പോലീസിന് കിട്ടിയ വിവരം.

വീട്ടുകാരുമായും നിരന്തരം വാപ്പൂട്ടീ ഹാജി വഴക്കുണ്ടാക്കി ഇരുന്നു. അതേ സമയം സംഭവത്തെ തുടർന്ന് കൃത്യമായ വിവരം വീട്ടുകാർ പോലീസിന് നൽകിയിട്ടില്ല. തലകറങ്ങി വീണു പരിക്കേറ്റു എന്നാണ് പലരോടും കുടുംബാംഗങ്ങൾ പറഞ്ഞിരിക്കുന്നത്.