കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. പ്രതി കുട്ടിയെ സ്കൂളിൽ വച്ച് മർദ്ദിച്ചതായി തലശ്ശേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും എല്ലാ അന്വേഷണവും പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. 

ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഭാഗിക കുറ്റപത്രം നൽകിയത്. കുട്ടിയെ അധ്യാപകൻ സ്കൂളിൽ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പദ്മരാജനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. സമാനമായി 4 കുട്ടികളെ അധ്യാപകൻ മർദിച്ചതായും കുറ്റപത്രത്തിലുണ്ട്.

കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തണം. കുട്ടിയുടെ മൊഴിയിൽ ചില വൈരുധ്യങ്ങളുണ്ട്. കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം വീണ്ടും മൊഴിയെടുക്കും. 

കൊവിഡ് സാഹചര്യത്തിൽ ഫോറൻസിക് പരിശോധന ഫലം ലഭിക്കാനും തുടരന്വേഷണത്തിനും കൂടുതൽ സമയമെടുക്കുന്നുണ്ട്. ഈ പരിശോധനകൾ പൂർത്തിയായ ശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും തലശ്ശേരി പ്രത്യേക പോക്സോ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.