മാസങ്ങളായി വീട്ടിൽ നിന്ന് സ്ഥിരമായി സ്വർണം മോഷ്ടിച്ച് ഷൈനു വിറ്റിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ നീക്കത്തിലെ പാളിച്ചയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 

കോട്ടയം: കോട്ടയം കൂരാപ്പടയിൽ സ്വന്തം വീട്ടിൽ നിന്ന് സ്വർണം കവർന്ന പ്രതി ഷൈനു നൈനാൻ കോശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷൈനു മോഷണ നാടകം നടത്തിയത് രണ്ട് മാസത്തിലേറെ നീണ്ട ആസൂത്രണം നടത്തിയ ശേഷമാണെന്ന് പൊലീസ് പറയുന്നു. മാസങ്ങളായി വീട്ടിൽ നിന്ന് സ്ഥിരമായി സ്വർണം മോഷ്ടിച്ച് ഷൈനു വിറ്റിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ നീക്കത്തിലെ പാളിച്ചയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 

ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികന്‍റെ മകൻ ഷൈനോ നൈനാൻ ഇന്നലെയാണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ പൊലീസിന് തുണയായത്. ആദ്യഘട്ട പരിശോധനകളില്‍ തോന്നിയ സംശയങ്ങളാണ് കേസില്‍ വലിയ വഴിത്തിരിവായത്. മോഷണത്തിന്‍റെ രീതികളില്‍ നിന്ന് വീട്ടിലുള്ള ആരോ അല്ലെങ്കില്‍ വീടിനോട് അത്രയും ബന്ധമുള്ള ആരോ ആണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘത്തിന് സംശയം തോന്നിയിരുന്നു. ഇതോടെ മോഷണ സമയത്ത് വീട്ടിലുള്ളവര്‍ എവിടെയൊക്കെ ആയിരുന്നുവെന്ന് വിശദമായി തന്നെ പൊലീസ് അന്വേഷിച്ചു. ഇതില്‍ നിന്നാണ് സുപ്രധാനമായ ഒരു വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. വീട്ടില്‍ മോഷണം നടക്കുന്ന സമയത്ത് ഫാദർ ജേക്കബ് നൈനാന്‍റെ മകന്‍ ഷൈനോ നൈനാന്‍റെ മൊബൈല്‍ ഫോണ്‍ 'ഫ്ലൈറ്റ് മോഡില്‍' ആയിരുന്നു. ഈ കണ്ടെത്തലാണ് അറസ്റ്റിലേക്ക് അതിവേഗം എത്താന്‍ പൊലീസിന് സഹായകരമായത്.

വീട്ടിൽ ആളില്ലാത്ത സമയത്ത് ആണ് അൻപത് പവൻ സ്വര്‍ണം വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത വര്‍ധിച്ചു. ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്‍റെ മകൻ ഷൈനോയിലേക്ക് തിരിഞ്ഞത്.

Also Read:'പ്രിയ ചേട്ടത്തി, അന്ന് 700 പറ്റിച്ച് മുങ്ങി, ഈ 2000 സ്വീകരിക്കണം'; വര്‍ഷങ്ങൾക്ക് ശേഷം കള്ളന്റെ കത്ത്

സ്വര്‍ണം സൂക്ഷിച്ച അലമാര പൊളിക്കാതെ താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇതോടെ താക്കോല്‍ ഇരിക്കുന്ന സ്ഥലത്തെ കുറിച്ച് മോഷ്ടിച്ചയാളിന് നല്ല ബോധ്യമുണ്ടെന്ന് പൊലീസിന് വ്യക്തമായി. വീടിനെ കുറിച്ച് ഇത്രയും ധാരണ ഉറപ്പായും വീട്ടിലുള്ളവര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്നത് അന്വേഷണം സംഘം ഉറപ്പിച്ചു. എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യത്തെ കുറിച്ചും വ്യക്തമായ അറിവ് മോഷ്ടാവിന് ഉണ്ടായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് ഉറപ്പിച്ചു. പള്ളിയിലേക്ക് എപ്പോള്‍ പോകും, എപ്പോള്‍ തിരിച്ചുവരും എന്നൊക്കെ അറിയുന്നയാള്‍ക്ക് മാത്രമേ കൃത്യമായി ആസൂത്രണം ചെയ്ത് ഇതേ സമയം കവര്‍ച്ച നടത്താന്‍ സാധിക്കൂ. ഇതോടെ എല്ലാ സംശയങ്ങളും ഷൈനോയിലേക്ക് നീളുകയായിരുന്നു. ഇതേസമയത്താണ് ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലില്‍ കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ മൊഴി നല്‍കിയിട്ടുമുണ്ട്.