കണ്ണൂർ: പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിൽ വച്ച് പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കുനിയിൽ പദ്മരാജനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. കൂടുതൽ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപകൻ പീഡിപ്പിച്ചത് അറിയാമായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയ സഹപാഠിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

Read more: പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാൻ പൊലീസ് ശ്രമിച്ചെന്ന് കുടുംബം, പാനൂർ പീഡനക്കേസ് പ്രതി റിമാൻറിൽ

ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റാണ് പിടിയിലായ കുനിയിൽ പദ്മരാജന്‍. പരാതിയുയർന്ന് ഒരുമാസത്തിന് ശേഷമാണ് കുനിയിൽ പദ്മരാജനെ പൊലീസ് പിടികൂടിയത്. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടൂരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസിന് വ്യക്തമായത്.

Read more: 'നീതി കിട്ടണം, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കാൻ പൊലീസ് ശ്രമിച്ചു'; ആരോപണവുമായി പാനൂർ പെൺകുട്ടിയുടെ കുടുംബം

പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ കോഴിക്കോടടക്കം പലസ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണസമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.