ബീജിംഗ്: അവശയായി കിടപ്പിലായ അമ്മയെ ജീവനോടെ കുഴിച്ചുമൂടി മകന്‍. ചൈനയിലാണ് അതിദാരുണമായ സംഭവം നടന്നത്. അമ്മയെ കുഴിച്ച് മൂടി മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. മകനും മകന്‍റെ ഭാര്യയ്ക്കുമൊപ്പമാണ് അവശയായ അമ്മ കഴിഞ്ഞിരുന്നത്. 

മെയ് 2ന് അവശയായ 79 വയസ്സ് പ്രായമുള്ള അമ്മയെ വീല്‍ച്ചെയറിലിരുത്തി മകന്‍ പുറത്തേക്ക് പോയിരുന്നു. എന്നാല്‍ മൂന്ന് ദിവസമായിട്ടും അമ്മയെ കാണാനില്ലാത്തതില്‍ സംശയം തോന്നിയ മരുമകള്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മകനെ ചോദ്യം ചെ്തപ്പോഴാണ് അമ്മയെ ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ കുഴിച്ചുമൂടിയെന്നത് പുറംലോകമറിഞ്ഞത്. 

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പാതി മൂടിയ കല്ലറയില്‍ അമ്മയെ ജീവനോടെ കണ്ടെത്തി. അബോധാവസ്ഥയിലായ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശരീരം തളര്‍ന്ന് അവശയായ അമ്മയെ പരിചരിക്കുന്നതില്‍ മകന് താത്പര്യമുണ്ടായിരുന്നില്ലെന്നും അതാണ് ഇത്തരമൊരു ക്രൂരതയിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.