ഇരുപത്തിയൊന്നുകാരിയായ യുവതിയാണ് മരിച്ചത്. കൗശാമ്പി സ്വദേശികളായ നരേഷ്- ശോഭ ദേവി ദമ്പതികളുടെ മകളാണ് യുവതി. ഇരുവരെയും ഇവരുടെ ബന്ധുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ഇവര്‍ മകളെ കൊന്ന കാര്യം ഏറ്റുപറഞ്ഞത്.

ലക്നൗ: കണ്ണില്ലാത്ത കൊടുംക്രൂരതയെന്ന് വിശേഷിപ്പിക്കാവുന്നൊരു കുറ്റകൃത്യത്തെ കുറിച്ചാണ് ഉത്തര്‍പ്രദേശിലെ കൗശാമ്പിയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മകളുടെ കൈവശം ഗര്‍ഭപരിശോധന കിറ്റ് കണ്ടെത്തിയതോടെ സംശയത്തില്‍ മകളെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചിരിക്കുകയാണ് ഒരച്ഛനും അമ്മയും. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ഒരു പൊലീസ് പരാതിയും ഇവര്‍ ഫയല്‍ ചെയ്തു. 

ഇന്നലെ തിരിച്ചറിയാനാകാത്ത വിധത്തില്‍ ഒരു യുവതിയുടെ മൃതദേഹം ഇവരുടെ ഗ്രാമത്തിലുള്ള കനാലില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. 

ഇരുപത്തിയൊന്നുകാരിയായ യുവതിയാണ് മരിച്ചത്. കൗശാമ്പി സ്വദേശികളായ നരേഷ്- ശോഭ ദേവി ദമ്പതികളുടെ മകളാണ് യുവതി. ഇരുവരെയും ഇവരുടെ ബന്ധുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ഇവര്‍ മകളെ കൊന്ന കാര്യം ഏറ്റുപറഞ്ഞത്.

മകള്‍ക്ക് പല ആണ്‍സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരുമായെല്ലാം മകള്‍ മൊബൈല്‍ ഫോണില്‍ പതിവായി സംസാരിച്ചിരുന്നു. എന്നാല്‍ ഗര്‍ഭപരിശോധന കിറ്റ് കൂടി കണ്ടെത്തിയതോടെ മകളുടെ ചാരിത്ര്യത്തിലുള്ള സംശയം ഉറപ്പിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് നരേഷ് പൊലീസിനോട് പറഞ്ഞു.

നരേഷും ശോഭയും ചേര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയയിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ശേഷം ആസിഡൊഴിച്ച് മൃതദേഹം വികൃതമാക്കാൻ ശ്രമിച്ചു. പെട്ടെന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാനും തങ്ങളിലേക്ക് പൊലീസ് എത്താതിരിക്കാനുമാണത്രേ ഇവരിത് ചെയ്തത്. ശേഷം ബന്ധുക്കളായ രണ്ട് പേരുടെയും സഹായത്തോടെ മൃതദേഹം പെട്ടെന്ന് ആരും കാണാൻ സാധിക്കാത്തവണ്ണം ഉപേക്ഷിച്ചു. ശേഷം ഫെബ്രുവരി മൂന്നിന് പൊലീസില്‍ മകളെ കാണാനില്ലെന്ന് പരാതിയും നല്‍കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികെയാണ് ഗ്രാമത്തിലെ കനാലില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കാണാതായ യുവതിയുടേതാണെന്ന് മനസിലാക്കിയതോട പൊലീസ് ഇവരുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയായിരുന്നു. 

Also Read:- പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും