പറവൂര്‍: സ്കൂൾ വിദ്യാർത്ഥിനിയുടെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്പെൻഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോർജ് പടയാട്ടിലിനെയാണ് വൈദിക പദവിയിൽ നിന്നും സസ്പെൻഡ് ചെയതത്. പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി.

മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. പള്ളിക്ക് സമീപത്തെ സ്കൂളിന്‍റെ മാനേജര്‍ കൂടിയായ ഫാദര്‍ ഇടവേള സമയത്ത് പ്രാര്‍ത്ഥനയ്ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. 

ഇക്കാര്യം പെണ്‍കുട്ടി സ്കൂളിലെത്തി അധ്യാപികയെ അറിയിച്ചു. അധ്യാപിക  വിവരം ചൈല്‍ഡ് ലൈനിനെ അറിയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. മജിസ്ട്രേറ്റിന് മുമ്പില്‍ കുട്ടികള‍ുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസ് വേണ്ടെന്ന നിലപാടിലായിരുന്നു രക്ഷിതാക്കളെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു.