പത്തനംതിട്ട: ഒരുപാട് അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാത്ത തിരോധാന കേസുകൾ കേരളത്തിൽ ഒരുപാടുണ്ട്. അതിലൊന്നാണ് ഗവിയിലെ ഭൂലോകലക്ഷ്മിയുടെ തിരോധാനം. വർഷങ്ങളായിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാതെ ദുരൂഹത നിറഞ്ഞ് നില്‍ക്കുകയാണ് ഭൂലോകലക്ഷ്മിയുടെ തിരോധാനം.

കേരള ഫോറസ്റ്റ് ഡെവലെപ്മെന്‍റ് കോർപ്പറേഷന്‍റെ ഗവിയിലെ ഏലത്തോട്ടത്തിലെ ക്ലർക്കായിരുന്നു ഭൂലോകലക്ഷ്മി. കൊച്ചു പമ്പയിലെ കെഎസ്എഫ്ഡിസിയുടെ ഏഴാം നമ്പർ ക്വാർട്ടേഴ്സിൽ ഭർത്താവ് ദാനിയേൽകുട്ടിക്കും മക്കൾക്കും ഒപ്പം ആയിരുന്നു താമസം. ഭൂലോകലക്ഷ്മിയെ കാണാതുകുമ്പോൾ പ്രായം നാൽപ്പത്തി നാല് ആണ്.

2011 ഓഗസ്റ്റ് മാസം, ഭർത്താവ് ദാനിയേൽകുട്ടിയും മകനും മകളും വീട്ടിലില്ലാത്ത ഒരു രാത്രി. ഒറ്റക്കായിരുന്ന ഭൂലോകലക്ഷ്മി പെട്ടെന്ന് അപ്രത്യക്ഷയായി. ഭൂലോകലക്ഷ്മിയാണ് കെഎസ്എഫ്ഡിസിയിലെ തൊഴിലാളികൾക്ക് കൂലി വിതരണം ചെയ്തിരുന്നത്. കാണാതാകുന്ന ദിവസവും കുലി വിതരണം ചെയ്ത ശേഷം വൈകുന്നേരം ആറരയോടെ ഭൂലോകലക്ഷ്മി ക്വാർട്ടേഴ്സിലെത്തിയതായി സമീപവാസികൾ പറയുന്നു. രാത്രി എട്ട് മണിവരെ ഫോണിൽ സംസാരിച്ചത് ഭർത്താവും സ്ഥിരീകരിക്കുന്നു. 

തെട്ടടുത്ത ദിവസം രാവിലെ വീണ്ടും ദാനിയേൽകുട്ടി വിളിച്ചെങ്കിലും ഫോണിൽ കിട്ടയില്ല. ഭർത്താവ് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ. ഗവിയിലേയും മീനാറിലെയും പന്പയിലേയും കൊച്ചുപന്പയിലേയും മുഴുവൻ നാട്ടുകാരും അന്വേഷിച്ചിറങ്ങി ഫലമുണ്ടായില്ല. മൂഴിയാർ സ്റ്റേഷനിൽ കിട്ടിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അന്വേഷിച്ചിട്ടും അന്വേഷിച്ചിട്ടും പൊലീസിന് ഒരു തുന്പും കിട്ടിയില്ല. നാട്ടുകാർ ഹൈക്കോടതിയിലെത്തി. കോടതി ഇടപെട്ട് കേസ് ആലപ്പുഴ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. സംശയിക്കുന്ന പലരേയും ചോദ്യം ചെയ്തിട്ടും രക്ഷയുണ്ടായില്ല. അന്വേഷണം കൊല്ലം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം ഗവിയിൽ വിരലടയാള പരിശോധനയും തെളിവെടുപ്പും. ഇടക്കിട് വിനോദ യാത്ര പോലെ അന്വേഷണ ഉദ്യോഗസ്ഥരെത്തി. പക്ഷെ ഭൂലോകലക്ഷ്മിയെ പറ്റി ഒരറിവുമുണ്ടായില്ല. തിരോധാനം കൊലപാതക സംശയങ്ങളിലേക്ക് വഴിമാറി. നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി എത്തി.

പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ഗവി. പൂർണമായും വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശം.. ഭൂലോകലക്ഷ്മിയെ കാണാതായ കോർട്ടേഴ്സിന് സമീപം നാല് ചക്ര വാഹനം വന്നതിന്റെ പാടുകൾ നാട്ടുകാർ കണ്ടെത്തിയിരുന്നു. ചെക്പോസ്റ്റ് കടന്നെത്തുന്ന വാഹനങ്ങൾക്കും വ്യക്തികൾക്കും കണക്കുള്ള, , രാത്രകാലങ്ങളിൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾക്ക് മാത്രം പ്രവേശനമുള്ള ഗവിയിൽ ആ നാല് ചക്ര വാഹനത്തിന്റെ വിവരങ്ങളൊന്നും ഒരു രേഖയിലും ഇല്ല. 

വനം വകുപ്പിൽ സ്വാധീനമുള്ള ഉന്നതർ ആരോ ആണ് അത് എന്ന് നാട്ടുകാർ സംശയിക്കുന്നു. വനം വകുപ്പിലെ ഒരു ജീവനക്കാരനിലേക്കും ഇടയ്ക്ക് ആരോപണം ഉയർന്നു. ആനയും കടുവയും പുലിയും വിഹരിക്കുന്ന കാട്ടിൽ ഭാര്യയെ ഒറ്റക്ക് ആക്കി പോയ ദാനിയൽകുട്ടിക്ക് നേരെയും ഒരു ഘട്ടത്തിൽ അന്വേഷണമുണ്ടായി. പക്ഷെ എല്ലാം ഉഹാപോഹങ്ങൾ മാത്രമായി അവശേഷിച്ചു. കേസന്വേഷിച്ച പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ക്യാമറക്ക് മുന്നിൽ വരാൻ ആരും തയ്യാറായില്ല.