ഗുരുഗ്രാം:  ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന കേസില്‍ വഴിത്തിരിവായി ഇരയായ പെണ്‍കുട്ടിയുടെ മൊഴി. ശനിയാഴ്ചയാണ് 21 കാരിയായ പെണ്‍കുട്ടി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്നതില്‍ ഉറപ്പില്ലെന്ന് മൊഴി നല്‍കിയത്. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി എടുത്തത്.

വികാസ് എന്നയാളാണ് തന്നെ ബലാത്സംഗം ചെയ്തത് വികാസ് എന്നയാളാണെന്ന് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോര്‍ടിസ് ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ വികാസ് എന്ന പേര് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ പൊലീസോ ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ല. 

ഒക്ടോബര്‍ 21നാണ് ടിബി രോഗിയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആറ് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്. അപ്പോള്‍ പെണ്‍കുട്ടി തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തുവെന്ന് മാതാപിതാക്കളോട് പറഞ്ഞത്. ഇയാളുടെ പേര് 'വികാസ്' എന്ന് ഒരു പേപ്പറില്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് എഴുതി നല്‍കി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ലീഗല്‍ കൌണ്‍സിലര്‍, പൊലീസുകാര്‍ എന്നിവര്‍ അടങ്ങുന്ന സംഘം ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം, പെണ്‍കുട്ടിയെ എക്സ് റേ എടുക്കുവാന്‍ കൊണ്ടുപോയിരുന്നു. അവിടുത്തെ നടപടി പ്രകാരം വസ്ത്രങ്ങള്‍ മാറ്റിയിരുന്നു. അവിടെ നിന്ന ചില ആശുപത്രി ജീവനക്കാര്‍ ഇത് സംബന്ധിച്ച് മോശമായി സംസാരിക്കുന്നത് കേട്ടു. ചിലയിടത്ത് വേദന അനുഭവപ്പെട്ടു. എന്നാല്‍ ലൈംഗികമായി ഉപദ്രവിച്ചോ എന്നതില്‍ തീര്‍ച്ചയില്ലെന്നാണ് പറയുന്നത്.

അന്വേഷണ സംഘം ആശുപത്രിയിലെ രണ്ട് ഫ്ലോറുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടി സംസാരിക്കാന്‍ ആരോഗ്യവതിയാണ് എന്നറിഞ്ഞ ശേഷമാണ് മൊഴിയെടുത്തത്, ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നത് പെണ്‍കുട്ടിക്ക് തീര്‍ച്ചയില്ല, നേരത്തെ എഫ്ഐആര്‍ ഇട്ടത് പെണ്‍കുട്ടിയുടെ കുറിപ്പിനെ അടിസ്ഥാനമാക്കിയാണ്, ആ സമയത്ത് അവര്‍ മൊഴി നല്‍കാന്‍ പറ്റിയ ആഗോര്യ നിലയില്‍ ആല്ലായിരുന്നു - പൊലീസ് കമ്മീഷ്ണര്‍ കെകെ റാവു പ്രതികരിച്ചു. അതേസമയം ഹരിയാന വനിത കമ്മീഷന്‍ ഉപാദ്ധ്യക്ഷ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ചു.