മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കെപിസിസി നിര്‍വാഹക സമിതി അംഗവും പട്ടാമ്പി മുന്‍ നഗരസഭാ അധ്യക്ഷനുമായ കെഎസ്ബിഎ തങ്ങളുടെ ആരോപണം.

പാലക്കാട്: പട്ടാമ്പി ലഹരിമാഫിയയുടെ കേന്ദ്രമാണെന്നും പലതവണ പരാതി പറഞ്ഞിട്ടും പൊലീസും എക്സൈസും നടപടിയെടുത്തിട്ടില്ലെന്ന് മുന്‍ നഗരസഭാ അധ്യക്ഷന്‍റെ വെളിപ്പെടുത്തല്‍. സ്കൂളില്‍ കഞ്ചാവ് പിടിച്ച അധ്യാപകനെ വഴി നടക്കാന്‍ അനുവദിച്ചില്ലെന്നും കെഎസ്ബിഎ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ പട്ടണം ലഹരി വിമുക്തമാക്കാന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നാണ് എംഎല്‍എ മുഹമ്മദ് മൊഹ്സീന്‍റെ പ്രതികരണം. 

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കെപിസിസി നിര്‍വാഹക സമിതി അംഗവും പട്ടാമ്പി മുന്‍ നഗരസഭാ അധ്യക്ഷനുമായ കെഎസ്ബിഎ തങ്ങളുടെ ആരോപണം.

''പട്ടാമ്പി കേന്ദ്രമാക്കി വന്‍ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ കേന്ദ്രമാക്കി മയക്കുമരുന്ന് വിതരണം ചെയ്ത സംഘത്തിനെതിരെ അധ്യാപകര്‍ രംഗത്തുവന്നെങ്കിലും ഭീഷണിയില്‍ പരാതി അവസാനിപ്പിക്കേണ്ടിവന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട പട്ടാമ്പി സംഘത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയാറാവില്ല'', തങ്ങള്‍ പറഞ്ഞു. പട്ടാമ്പിയില്‍ എക്സൈസ് ഓഫീസ് തുറക്കുന്നതിന് ശ്രമം തുടങ്ങിയെന്ന് പറഞ്ഞ എംഎല്‍എ മുഹമ്മദ് മൊഹ്സീന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനുള്ള നീക്കവുമാരംഭിച്ചു.

ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയ മയക്കുമരുന്ന് സംഘാംഗങ്ങളുടെ വീടുകളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നാണ് സൂചന. മയക്കുമരുന്നെത്തിക്കുന്ന സംഘത്തിനെതിരെ മൊഴികളും തെളിവുകളും ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ നീക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona