കൊല്ലം: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ ചെറുപ്പക്കാർക്കെതിരെ കേസെടുത്തു. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതിനൊപ്പം വണ്ടി ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

ബുധനാഴ്ച ഉച്ചയ്ക്ക് കൊല്ലം ബൈപ്പാസിൽ ആണ് കെഎസ്ആർടിസി  ബസിനു മുന്നിൽ രണ്ടു ചെറുപ്പക്കാർ അപകടകരമാംവിധം ബൈക്ക് ഓടിച്ചത്. ബസിനെ കടത്തി വിടാതെ ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നേരം വളഞ്ഞും പുളഞ്ഞും ഈ ഡ്രൈവിങ് തുടർന്നു.

ബസ് കണ്ടക്റ്റർ ഈ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വണ്ടി ഓടിച്ചിരുന്ന ശക്തികുളങ്ങര സ്വദേശി എസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു.അപകടകരമായി വാഹനം ഓടിച്ചതിനു പുറമേ ഹെൽമറ്റ് ധരിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. വാഹനം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.