കോഴിക്കോട്: പെരിങ്ങളം റംല വധക്കേസിൽ ഭർത്താവ് നാസറിന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബർ ഒന്നിന് കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും റംലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

പെരിങ്ങൊളം തടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭർത്താവ് നാസറും താമസം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസർ വഴക്കിടകുയായിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്. കൊടുവാള്‍കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംല ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഇവർ താമസിച്ചിരുന്ന വീടിന്‍റെ ഉടമയുടെ മൊഴിയാണ് നിർണ്ണായകമായത്. 

കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി  നിൽക്കുന്ന നാസറിനെയും കണ്ടെന്ന‌ായിരുന്നു മൊഴി. 35 രേഖകളും 22 തൊണ്ടിമുതലും  പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന‌് കോടതി കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോളിലൂടെ ഹാജരാക്കിയാണ് വിധി പറഞ്ഞത്.