കണ്ണൂർ: പെരിങ്ങോമിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാങ്കോൽ സ്വദേശി പ്രശോഭ് ആണ് പിടിയിലായത്. ഇയാൾ പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയി പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെ പിടികൂടിയത്. ഇയാൾ പെണ്‍കുട്ടിയെ ചൂരൽ എന്ന സ്ഥലത്തെ വെള്ളച്ചാട്ടത്തിന് അടുത്തെത്തിച്ചും , ചിറ്റാരിപറമ്പിലെ ലോഡ്ജിലെത്തിച്ചും പല തവണ പീ‍ഡിപ്പിച്ചു. 

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു. ഇതോടെ ബലാത്സംഘം കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനിയും രണ്ട് പേർ പിടിയിലാകാനുണ്ട്. ഈ മാസം 22നാണ് പെരിങ്ങോം സ്വദേശിയായ പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം ഒരാളുടെ പേരു മാത്രമെ പെണ്‍കുട്ടി പറഞ്ഞിരുന്നുള്ളു. വിശദമായ കൗൺസിലിംഗിലാണ് പീഡിപ്പിച്ചവരെ കുറിച്ച് പെണ്‍കുട്ടി മൊഴി നൽകുന്നത്. മൊബൈലിലൂടെ പരിചയപ്പെട്ട കുപ്പോൾ സ്വദേശി രജീഷാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാൾ സുഹ‍ൃത്തുക്കൾക്കും പീഡിപ്പിക്കാൻ അവസരം നൽകുകയായിരുന്നു. അറസ്റ്റിലായ പ്രശോഭിനെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.