ഇന്‍ഡോര്‍: ഹോസ്റ്റലുകളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കീറി നശിപ്പിച്ചിരുന്ന യുവാവ് പിടിയില്‍. ഇന്‍ഡോറിലെ വിജയ് നഗര്‍ പൊലീസാണ് 26കാരനായ യുവാവിനെ പിടികൂടിയത്. ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഒളിച്ച് കയറിയ ശേഷമായിരുന്നു അടിവസ്ത്ര മോഷണവും കീറി നശിപ്പിക്കലും. 

മുറികളില്‍ ആളില്ലാത്ത സമയത്തും പെണ്‍കുട്ടികള്‍ ഉറങ്ങുന്ന സമയത്തും ഇയാള്‍ റൂമില്‍ കയറിയിരുന്നതായി പൊലീസ് കണ്ടെത്തി. നിരവധി തവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് വിജയ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നഗര സുരക്ഷ സമിതി രൂപീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് 26കാരന്‍ കുടുങ്ങിയത്. 

പെണ്‍കുട്ടികള്‍ തനിച്ച് താമസിക്കുന്ന ഇടങ്ങള്‍, പേയിംഗ് ഗസ്റ്റ് സൌകര്യങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പലപ്പോഴായി കയറിയിട്ടുണ്ടെന്നാണ് വിജയ് നഗര്‍ പൊലീസ് ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് യുവാവിനെ പിടികൂടിയത്. വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശീതള്‍ നഗര്‍, സുമന്‍ നഗര്‍, സ്വര്‍ണ ബാഗ് കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ സമാനരീതിയില്‍ അതിക്രമിച്ച് കയറയതായി യുവാവ് പൊലീസിനോട് വ്യക്തമാക്കി. മോഷണം, സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.