തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. വളർത്തു നായ അമ്മയെ കടിച്ച് മീറ്ററുകളോളം വലിച്ചുകൊണ്ട് പോയെന്നും പ്രവേഷ് പറയുന്നു.

ഫരീദാബാദ്: ഹരിയാനയില്‍ 55 കാരിയെ വളർത്തുനായ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച ഫരീദാബാദിലെ അനംഗ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുമാർതി എന്ന 55-കാരിയെ ആണ് പിറ്റ് ബുൾ ഇനത്തില്‍പ്പെട്ട വളർത്തുനായ അതിക്രൂരമായി ആക്രമിച്ചത്. സ്ത്രീയുടെ വലതുകാല്‍ നായ കടിച്ചുപറിച്ചു. സംഭവത്തിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുമാർതി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അനംഗ്പൂർ സ്വദേശിയായ ജോജുവിന്‍റെ നായയാണ് ഇവരെ ആക്രമിച്ചത്. ജോജു പ്രകോപിപ്പിച്ചതുകൊണ്ടാണ് നായ തന്‍റെ അമ്മയെ ആക്രമിച്ചതെന്ന് സുമാർതിയുടെ മകൻ പ്രവേഷ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. വളർത്തു നായ അമ്മയെ കടിച്ച് മീറ്ററുകളോളം വലിച്ചുകൊണ്ട് പോയെന്നും പ്രവേഷ് പറയുന്നു.

നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് സുമാർതിയെ രക്ഷപ്പെടുത്തിയത്. ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തി സോനുവിനോട് നായ അമ്മയെ ആക്രമിച്ച വിവരം ചോദിച്ചപ്പോള്‍ നേരിട്ടപ്പോൾ തന്നെ ആക്രമിച്ചെന്നും പ്രവേഷ് ആരോപിക്കുന്നു. പ്രവേഷ് പൊലീസിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബൽരാജ് സിംഗ് പറഞ്ഞു.

അടുത്തിടെ അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായയുടെ കടിയേറ്റ് ദില്ലിയില്‍ പതിനേഴുകാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. സൗത്ത് ദില്ലിയിലെ നെബ് സറായിയിൽ ആണ് ദാരുണമായ സംഭവം നടന്നത്. തന്‍റെ വളര്‍ത്തു നായയുമായി പെണ്‍കുട്ടി അയല്‍വാസിയായ മാന്‍സിംഗിന്‍റെ(60) വീട്ടിലെത്തി. തുടര്‍ന്ന് വീടിന്‍റെ ടെറസിലേക്ക് കയറുന്നതിനിടെ അപ്രതീക്ഷിതമായി അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ ഓടിയെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

Read More : 'നോട്ട് ബുക്ക് തരാം'; മുൻ കാമുകിയെ കൊലപ്പെടുത്തി, മൃതദേഹം കോളേജ് ക്യാമ്പസിൽ ഒളിപ്പിച്ചു, യുവാവ് പിടിയിൽ