കവടിയാര്‍: തിരുവനന്തപുരം കവടിയാറിൽ പെട്രോൾ പമ്പിൽ ഗുണ്ടാ വിളയാട്ടം. മൂന്നംഗ സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ചു വീഴ്ത്തി. പ്രതികൾ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്യേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

സിനിമാ സംവിധായകൻ ദീപു കരുണാകരന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലാണ് ഗുണ്ടാ വിളയാട്ടമുണ്ടായത്. തിരുവനന്തപുരം കോർപറേഷനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വലിയ തിരക്കായിരുന്നു ഇന്നലെ പെട്രോൾ പമ്പിൽ. ഈ സമയത്ത് പമ്പിലെത്തിയ മൂന്നംഗ സംഘം കാറിന്‍റെ ടയറുകളിൽ കാറ്റ് അടിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റ് വാഹനങ്ങളിൽ ഇന്ധനമടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാർ എത്താൻ വൈകി.

ഇതിൽ പ്രകോപിതരായ പ്രതികൾ വാഹനം കുറുകെ ഇട്ട ശേഷം സ്വയം മെഷിൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാ‍ർ ഇത് തടഞ്ഞതോടെ പ്രതികൾ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തു.വാഹനത്തിന്‍റെ ഉടമയായ ശ്യാം എസ് ജയനും മറ്റ് പ്രതികൾക്കുമായുള്ള തിരച്ചിൽ തുടരുകയാണെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു