കൊച്ചി: പെരുമ്പാവൂരിൽ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ അല്ലപ്ര സ്വദേശി വിവേകാണ് പൊലീസിന്റെ പിടിയിലായത്.

2018 ഒക്ടോബർ 12 നാണ് സംഭവം. പെരുമ്പാവൂരിലെ വട്ടയ്ക്കാട്ടുപടിയിലെ പെട്രോൾ പമ്പില്‍ രണ്ടായിരം രൂപയ്ക്ക് ചില്ലറ വാങ്ങാനാണ് വ്യാജേനെയാണ് പ്രതി എത്തിയത്. തുടർന്ന് പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് പണം അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച പമ്പിലെ മറ്റൊരു ജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞദിവസം മറ്റൊരു മോഷണക്കേസിൽ നെടുമ്പാശ്ശേരി പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

വിവേകിനെ സംഭവം നടന്ന പെട്രോൾ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.