കണ്ണൂർ: കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂളിൽ എട്ട് വിദ്യാർത്ഥിനികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. പിന്നാലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. 

കണ്ണൂ‌ർ പയ്യാവൂർ പഞ്ചായത്തിലെ സ്വകാര്യ  ഹൈസ്കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതി. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ സ്കൂളിലെ 200ഓളം കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്.

നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയർന്നിരുന്നുവെങ്കിലും സ്കൂളിന്‍റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. നിരന്തരം അധ്യാപകന്‍റെ കയ്യിൽ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികൾ പറയുന്നത്. വിഷയത്തിൽ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂർ എസ്പിക്ക് റിപ്പോർട്ട് കൈമാറും. ഇന്ന് തന്നെ കേസിൽ തുടർ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.