വയനാട്: ബത്തേരിയില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പൊലീസ്  അറസ്റ്റ് ചെയ്തത്. വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടിയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ പതിനാലുകാരി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തിങ്കളാഴ്‍ച വനാതിർത്തിയിലൂടെ പോവുകയായിരുന്ന പെൺകുട്ടിയെ ബന്ധു ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭർത്താവാണ് പ്രതി.