തിരുവനന്തപുരം: ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തിനെ കുത്തിക്കൊന്ന കേസിലെ പ്രതി കലേഷ് പിടിയില്‍. പൂജപ്പുര സ്വദേശിയായ ശ്രീനിവാസനെയാണ് കലേഷ് തമ്പാന്നൂരിലെ ഹോട്ടൽ മുറിയിൽ കുത്തിക്കൊന്നത്. രാവിലെ ഏഴരമണിക്കാണ് തമ്പാന്നൂർ ബോബൻ പ്ലാസ ഹോട്ടലിൽ ടാക്സി ഡ്രൈവറായ ശ്രീനിവാസൻ സുഹൃത്ത് സന്തോഷിനൊപ്പം മുറിയെടുത്തത്.

പ്രഭാത ഭക്ഷണവും ഉച്ചയൂണും ഇവർ ഹോട്ടലിൽ നിന്നും കഴിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സന്തോഷ് റിസപ്ഷനിലെത്തി ആമ്പുലൻസ് വിളിക്കാനായി ആവശ്യപ്പെട്ടത്. ഹോട്ടൽ ജീവനക്കാർ എത്തിയപ്പോൾ ഹോട്ടലിന്‍റെ ഇടനാഴിയിൽ കുത്തേറ്റ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശ്രീനിവാസന്‍. തമ്പാന്നൂർ പൊലീസ് എത്തി സന്തോഷിനെയും ഒപ്പമുണ്ടായിരുന്ന ഗീരീഷ് എന്നയാളെയും കസ്റ്റഡിയിലെടുത്തു. തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കലേഷ് ബിയര്‍ക്കുപ്പി പൊട്ടിച്ച് ശ്രീനിവാസനെ കുത്തിയെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കുകയായിരുന്നു.

മദ്യപാനത്തിനിടെ സന്തോഷിനെ കലേഷ് പിടിച്ച് തള്ളി. ഇതിൽ പ്രകോപിതനായ ശ്രീനിവാസൻ കലേഷിനോട് കയർത്തു. ഇതേ തുടർന്നാണ് ശ്രീനിവാസനെ കലേഷ് കുത്തിയതെന്നാണ് മൊഴി. കലേഷിന്‍റെ ഫോണിൽ നിന്നും സംഭവം സ്റ്റേഷനിൽ വിളിച്ചറിയിച്ച ശേഷം കലേഷ് ഒളിവിൽ പോയി. രാത്രി ഏഴരയോടെയാണ് കലേഷിനെ പാപ്പനംകോട് നിന്നും പൊലീസ് പിടികൂടിയത്.