മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഒതായി സ്വദേശി മാലങ്ങാടൻ ഷഫീഖാണ് അറസ്റ്റിലായത്. പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനാണ് ഷെഫീഖ്. 24 വർഷമായി വിദേശത്ത് ഒളിവിലായിരുന്ന ഇയാളെ നാട്ടിലെത്തിയ ഉടനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ പി വി അൻവര്‍ എംഎല്‍ എ രണ്ടാം പ്രതിയായിരുന്നെങ്കിലും പിന്നീട് കോടതി ഇദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്നും നീക്കിയിരുന്നു. പി വി അൻവറിന്‍റെ മറ്റൊരു സഹോദരീപുത്രനും കേസിലെ മൂന്നാം പ്രതിയുമായിരുന്ന ഷെരീഫ് നേരത്തെ മഞ്ചേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. 

അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

1995 ഏപ്രില്‍ 13 നാണ് മനാഫ് എടവണ്ണക്കടുത്ത ഒതായിയില്‍ കൊല്ലപെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 26 പ്രതികളുണ്ടായിരുന്ന ഈ കേസില്‍ രണ്ടാം പ്രതി പി.വി.അൻവര്‍ എം.എല്‍.എ അടക്കം 21 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിചാരണയുടെ  വിവിധ ഘട്ടങ്ങളിലായി കോടതി പ്രതിസ്ഥാനത്തു നിന്നും നീക്കി. ഒരു പ്രതി മരിക്കുകയും ചെയ്തു.  ഇതോടെ കേസില്‍  മാലങ്ങാടന്‍ ഷഫീഖ്,  ഷെരീഫ് ,കബീര്‍ , മുനീബ് എന്നിങ്ങനെ നാലു പ്രതികള്‍ മാത്രമായി. ഇതില്‍ പിവി അൻവര്‍ എംഎല്‍എയുടെ സഹോദരീ പുത്രനായ ഷരീഫും കൂട്ടു പ്രതികളായ കബീറും മുനീബും  മഞ്ചേരികോടതിയില്‍ കീഴടങ്ങിയെങ്കിലും ഒന്നാം പ്രതിയും പി.വി.അൻവറിന്‍റെ മറ്റൊരു സഹോദരീ പുത്രനായ ഷഫീഖ് വിദേശത്ത് ഒളിവില്‍ തന്നെ കഴിയുകയായിരുന്നു.

ഇതിനിടെ പല തവണ ഷഫീഖ് നാട്ടില്‍ വന്നുപോയെന്നും രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിലാണ് പ്രതിയെ പിടികൂടാത്തെതന്നും കാണിച്ച് കൊല്ലപെട്ട മനാഫിന്‍റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ്  ഇന്നു രാവിലെ 7.50 തിന് ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഷെഫീഖ്  നാട്ടിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നുതന്നെ ഷഫീഖിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധനക്ക് വിധേയനാക്കി.ഫലം വരുന്നതുവരെ ഷഫീഖ് പൊലീസ് കസ്റ്റഡിയില്‍ നിരീക്ഷണത്തിലായിരിക്കും.