എൻഎസ്എസ് പരിപാടിക്കെന്ന വ്യാജേന വിദ്യാർഥിനിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

മലപ്പുറം: വാഴക്കാട് എന്‍ എസ് എസ് പരിപാടിക്കെന്ന വ്യാജേന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ വാഴയൂര്‍ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. ഒളിവില്‍പ്പോയ അധ്യപകനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായാറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 

എന്‍ എസ് എസിന്‍റെ ചുമതലയുള്ള ഹയര്‍സെക്കന്‍ററി അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെയും രണ്ട് ആണ്‍കുട്ടികളെയും അവധി ദിവസം സ്കൂളിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആണ്‍കുട്ടികളെ പിന്നീട് പറഞ്ഞയച്ചതിന് ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ഇക്കാര്യം പിന്നീട് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയിലെത്തിക്കാന്‍ വൈകിപ്പിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. പ്രാദേശിക ലീഗ് നേതാവാണ് അധ്യാപകന്‍ നസീര്‍. അധ്യാപകനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി.