ബെഗളൂരു: യുവാവിന്‍റെ ആത്മഹത്യ ഗോസംരക്ഷണത്തിന്‍റെ പേരിലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഗോക്കകിലാണ്19-കാരനായ ശിവു ഉപ്പറിനെ ശനിയാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യുവാവിന്‍റെ മരണം ഗോസംരക്ഷണത്തിന്‍റെ പേരിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  

യുവാവിന്‍റെ പിതാവിന്‍റെ മൊഴി പ്രകാരം മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ പൊലീസ് സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവാവിന്‍റെ ആത്മഹത്യ ഗോസംരക്ഷണത്തിന്‍റെ പേരിലാണെന്ന് വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യപകമായി പ്രചരിക്കുകയായിരുന്നെന്ന് ബെല്‍ഗവി എസ് പി പറഞ്ഞു. ഇതേ തുടര്‍ന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.