ലഹരിക്ക് അടിമപ്പെട്ട നിസാമുദ്ധീൻ ഞായറാഴ്ച രാത്രിയിലാണ് പലരെയും ആക്രമിച്ചത്

മലപ്പുറം: കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പ് സ്വദേശികളായ ഹസ്സൻ, അബൂബക്കർ സിദ്ധിഖ്‌, മുഹമ്മദ്‌ അബൂബക്കർ ഹൈദ്റൂസ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട നിസാമുദ്ധീനെ പിടിച്ചു മാറ്റുന്നതിനിടയിൽ പ്രതികൾ മർദിച്ചതായാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ധീൻ കൊല്ലപ്പെട്ടത്.

ലഹരി മരുന്ന് വില്‍പ്പന ചോദ്യം ചെയ്തതിന് നെല്ലിപ്പറമ്പ് സ്വദേശി സെയ്തലവിയെ ആക്രമിക്കുന്നതിനിടയിലാണ് നിസാമുദ്ദീന് ഗുരുതരമായി പരുക്കേറ്റത്. വെട്ടുകത്തി ഉപയോഗിച്ച് സെയ്തലവിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നാട്ടുകാർക്ക് നേരെ തിരിഞ്ഞ നിസാമുദ്ദീനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ നിസാമുദ്ദീന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചു. സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ സെയ്തലവിയുടെ സഹോദരന്‍ ഹസ്സന്‍, സമീപവാസികളായ അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് ഹൈദ്രൂസ് എന്നിവരാണ് അറസ്റ്റിലായത്. നിസാമുദ്ദീനെ പിടിച്ചു മാറ്റുന്നതിനിടെ മൂവരും മര്‍ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവർക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. കൊല്ലപ്പെട്ട നിസാമുദ്ദീന്‍ പോലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതുള്‍പ്പെടെ പതിനാറോളം കേസുകളില്‍ പ്രതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്