Asianet News MalayalamAsianet News Malayalam

Police Atrocities : 'വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച', ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി

പൊലീസിനെതിരെ തുടർച്ചയായി കോടതി വിമർശനങ്ങളുണ്ടാകുന്നു. പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള ക്രൂരതകളുടെ വാർത്തകൾ തുടർക്കഥയാകുന്നു. സർവീസിന് തന്നെ മാനക്കേടാകുന്ന തരത്തിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഡിജിപി അനിൽ കാന്ത് യോഗം വിളിച്ചിരിക്കുന്നത്. 

Police Atrocities In Kerala DGP Anil Kant Calls Emergency Meet Of Higher Rank Officials
Author
Thiruvananthapuram, First Published Dec 8, 2021, 9:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് (Kerala Police) എതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ഡിജിപി അനിൽകാന്ത് (DGP Anil Kant). വെളളിയാഴ്ചയാണ് യോഗം വിളിച്ച് ചേർക്കാനിരിക്കുന്നത്. പൊലീസിനെതിരെ തുടർച്ചയായി കോടതി (Kerala High Court) വിമർശനങ്ങളുണ്ടാകുന്നു. പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള ക്രൂരതകളുടെ വാർത്തകൾ തുടർക്കഥയാകുന്നു. സർവീസിന് തന്നെ മാനക്കേടാകുന്ന തരത്തിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഡിജിപി അനിൽ കാന്ത് യോഗം വിളിച്ചിരിക്കുന്നത്. 

എസ്‍പിമാർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കണമെന്നാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷ, പോക്സോ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേകം ചർച്ച ചെയ്യും. രണ്ട് വർഷത്തിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്. 

മുഖ്യമന്ത്രിയുടെ നേരിട്ട് കീഴിലുള്ള വകുപ്പാണ് ആഭ്യന്തരവകുപ്പ്. പൊലീസിന്‍റെ പല പ്രവൃത്തികളും സർക്കാരിന് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന ആരോപണം പാർട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയരുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ഡിജിപി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കാനിരിക്കുന്നത്. 

ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്‍റെ ആത്മഹത്യയിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം വലിയ വിവാദമായതാണ്. ഗാർഹികപീഡനപരാതിയുമായി എത്തിയ മോഫിയയോടും കുടുംബത്തോടും വളരെ മോശം ഭാഷയുപയോഗിച്ചാണ് സിഐ സുധീർ പെരുമാറിയതെന്നും, മോഫിയയുടെ അച്ഛനോട് 'താനൊരു തന്തയാണോടോ' എന്നടക്കം ചോദിച്ചെന്നും ആരോപണങ്ങളുയർന്നിരുന്നു. ഈ മോശം പെരുമാറ്റത്തിൽക്കൂടി മനംനൊന്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാക്കുറിപ്പിൽത്തന്നെ വ്യക്തമാണ്. അഞ്ചൽ സിഐയായിരിക്കെ ഉത്ര വധക്കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് വകുപ്പുതല നടപടി നേരിട്ടയാളാണ് സിഐ സുധീർ. അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സിഐ സുധീറിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളാണ്. മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് ആരോപണമുയർന്നതോടെ എസ്പി ഹരിശങ്കർ സുധീറിനെതിരെ നടപടി വേണമെന്നും, ഇനി ക്രമസമാധാനച്ചുമതല സുധീറിനെ ഏൽപിക്കരുതെന്നും റിപ്പോർട്ട് നൽകി. പിന്നീടാണ് എറണാകുളം റൂറലിലേക്ക് സുധീറിനെ മാറ്റുന്നത്. 

ഗാർഹികപീഡനം നേരിട്ടാൽ ഒരു മിസ്‍ഡ് കോൾ നൽകിയാൽ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നാണ് ഡിജിപിയുടെ പ്രഖ്യാപനം. എന്നാൽ പരാതിയുമായി ഒരു യുവതി പൊലീസ് സ്റ്റേഷനിലെത്തിയിട്ടും തീർത്തും ക്രൂരമായ പെരുമാറ്റമായിരുന്നു നേരിടേണ്ടി വന്നത്. 

സമാനമായ തരത്തിൽ എറണാകുളം നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഉണ്ടായ പൊലീസ് വീഴ്ചയിൽ കുടുംബം തന്നെ നേരിട്ട് ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. വീട്ടമ്മയെ യുവാവ് ശല്യപ്പെടുത്തുന്നുവെന്ന് പല തവണ പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. 

 ഒരു കുഞ്ഞിനെയും അച്ഛനെയും നടുറോഡിൽ നിർത്തി മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി അപമാനിച്ച പിങ്ക് പൊലീസുകാരിക്കെതിരെ കാര്യമായി ഒരു നടപടിയുമുണ്ടായിട്ടില്ല. 

രണ്ടാനച്ഛൻ പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകിയിട്ടും, മുംബൈയിൽ താമസിക്കുന്ന മലയാളി യുവതിയെയും മകനെയും അതേ പ്രതിക്കൊപ്പം വിട്ട പൊലീസ്, അയാളെ യുവതി ആക്രമിച്ചെന്ന പരാതിയിൽ അവരെ ജയിലിലിട്ടത് 47 ദിവസമാണെന്ന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. കേരളം ഏറെ ചർച്ച ചെയ്ത അനുപമയുടെ കേസിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പല തവണ പരാതിയുമായി ചെന്നിട്ടും കുഞ്ഞിനെ വിട്ടുകിട്ടാനുള്ള ഒരു ഇടപെടലും പൊലീസ് നടത്തിയില്ല എന്ന ആരോപണമുയരുന്നുണ്ട്.  

കഴക്കൂട്ടത്ത് വീടിനടുത്ത് നിന്ന യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച എസ്ഐയ്ക്ക് സസ്പെൻഷനിലായെങ്കിലും ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാനച്ചുമതല നൽകി, ചടയമംഗലത്ത് എഴുപതുകാരനെ വാഹനപരിശോധനയ്ക്കിടെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്ഐയ്ക്ക് വെറും കഠിനപരിശീലനം ശിക്ഷ, കൊട്ടാരക്കര സ്റ്റേഷനിൽ പരാതിക്കാർക്ക് മുന്നിൽ വച്ച് തമ്മിലടിച്ച വനിതാ എസ്ഐമാരെ സ്ഥലം മാറ്റി കേസൊതുക്കി. ഒരു എസ്ഐയുടെ കയ്യൊടിഞ്ഞത് കേസാക്കിയതുമില്ല. 

ഇങ്ങനെ നിരവധി സംഭവങ്ങൾ പൊലീസ് സേനയ്ക്ക് കളങ്കമായി നിൽക്കുമ്പോഴാണ് ഡിജിപി ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേരിട്ടുള്ള യോഗം വിളിക്കുന്നത്. ഇനിയെങ്കിലും 'ജനമൈത്രി'യാകുമോ പൊലീസ് എന്ന് കണ്ട് തന്നെ അറിയണം. 

Follow Us:
Download App:
  • android
  • ios