ഫോട്ടോ എടുത്ത ശേഷം തിരിച്ചെത്തിയ ബെന്നി മോശമായി സംസാരിക്കരുതെന്ന് സിഐയോട് പറഞ്ഞു. പിന്നാലെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി.
തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ പത്ര ഫോട്ടോഗ്രാഫറെ അകാരണമായി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ്. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ബെന്നി പോളിനെയാണ് അന്യായമായി വാഹനപാർക്കിംഗ് ചെയ്തെന്ന് പറഞ്ഞ് വഞ്ചിയൂര്‍ പൊലീസ് മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്തത്.
പാറ്റൂര്‍ പള്ളിയില്‍ ഗോവ ഗവര്‍ണ്ണര്‍ ശ്രീധരൻപിള്ളയുടെ പരിപാടി കവര്‍ ചെയ്യുന്നതിനാണ് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ബെന്നിപോൾ രാവിലെ എത്തിയത്. ഗവര്‍ണ്ണര്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ ബെന്നി എത്തിയ ബൈക്ക് മറ്റൊരു ഇടത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബൈക്ക് മാറ്റിയിട്ടും സിഐ അസഭ്യം പറഞ്ഞുവെന്നാണ് ബെന്നിയുടെ പരാതി.
ഫോട്ടോ എടുത്ത ശേഷം തിരിച്ചെത്തിയ ബെന്നി മോശമായി സംസാരിക്കരുതെന്ന് സിഐയോട് പറഞ്ഞു. പിന്നാലെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. വഞ്ചിയൂര്‍ സിഐ ഡിപിൻ ബെന്നിയെ പിടിച്ച് തള്ളിയെന്നും സ്റ്റേഷനിലെത്തിച്ച് ക്യാമറ വലിച്ചിട്ടുവെന്നും പരാതിയുണ്ട്.
തൊഴിൽ ചെയ്യുന്നതിനിടെ അകാരണമായി കസ്റ്റഡിയിലെടുത്ത ബെന്നിയെ മെഡിക്കൽ പരിശോധനക്ക് കൊണ്ട് പോകാനും ഇതിനിടെ പൊലീസ് ശ്രമിച്ചു. തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ എത്തി വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിട്ടും പൊലീസ് അനങ്ങിയില്ല.
സ്ഥിതി വഷളായതോടെ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ എത്തിയ ശേഷമാണ് വഞ്ചിയൂര്‍ സിഐ അയഞ്ഞത്. ഒടുവിൽ ബെന്നിയെ വിട്ടയക്കുകയായിരുന്നു. സിഐ ബലപ്രയോഗം നടത്തിയിട്ടില്ലെന്നാണ് അസിസ്റ്റന്‍റ് കമ്മീഷണറുടെ വിശദീകരണം. സിഐക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ബെന്നി.

